
മുംബൈ: മഹാരാഷ്‌ട്ര സംസ്ഥാന അമേച്ച്വർ പവർലിഫ്റ്റിംഗ് അസോസിയേഷനും സ്വദേശി ഖേലോ ഇന്ത്യൻ പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മലയാളി വേണു മാധവൻ വീണ്ടും ചരിത്രം കുറിച്ചു. തുടർച്ചയായി മൂന്നാം തവണയും സ്വർണ്ണം കരസ്ഥമാക്കിയാണ് അദ്ദേഹം ‘ഹാട്രിക്’ നേട്ടം സ്വന്തമാക്കിയത്. ഈ തവണ, ഇരട്ട സ്വർണ്ണത്തിന്റെ തിളക്കവും വേണുവിന്റെ കഴുത്തിലേറ്റി.
മുംബൈയിലെ മലാഡ് വേദിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ക്ലാസിക് വിഭാഗത്തിൽ 422.5 കിലോഗ്രാം ഉയർത്തിയാണ് വേണു മാധവൻ ഒന്നാം സ്ഥാനം നേടിയത്. ബെഞ്ച്‌പ്രസിലും അദ്ദേഹം കിരീടം കരസ്ഥമാക്കി — ഇരട്ട സ്വർണ്ണത്തിന്റെ അത്ഭുത നേട്ടം!
എന്നാൽ വേണുവിന്റെ ഈ നേട്ടം മെഡൽ എണ്ണത്തിൽ ഒതുങ്ങുന്നില്ല. തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് വേണു മത്സരവേദിയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രിക്കിടക്കയിൽ നിന്ന് നേരെ വേദിയിലേക്ക്, അവിടെ സ്വർണ്ണനേട്ടം സ്വന്തമാക്കി, പിന്നെ കീമോ തെറാപ്പിക്കായി വീണ്ടും ആശുപത്രിയിലേക്ക് — ഈ മനോഹരമായ ജീവിതകഥയാണ് വേണു മാധവൻ എഴുതി കൊണ്ടിരിക്കുന്നത്.
അർബുദത്തെ തുരത്തിയെടുക്കുന്ന മനശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി വേണു മാധവൻ ഇന്ന് മാറിയിരിക്കുന്നു. “മനസ്സുറച്ചാൽ അസാധ്യമെന്ന് ഒന്നില്ല” എന്ന സത്യത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് അദ്ദേഹം.
കൊല്ലം ജില്ലയിലെ മരുതതടി സ്വദേശിയായ വേണുവിന് 2014-ലാണ് രക്താർബുദം (ഡിഫ്യൂസ് ലാർജ് ബി സെൽ ലിംഫോമ) കണ്ടെത്തിയത്. പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി, ശരീരഭാരം കുറയൽ, ശ്വാസതടസ്സം, പേശി ദുർബലത — എല്ലാം നേരിട്ടെങ്കിലും വേണു തളർന്നില്ല.
2015 ജൂൺ വരെ തിരുവനന്തപുരം ആർ.സി.സി.യിലും പിന്നീട് ചെന്നൈ അപ്പോളോയിലും ചികിത്സ തുടർന്നു. ജീവിതത്തിലേക്ക് മാത്രമല്ല, ഭാരോദ്ധ്വാഹന വേദിയിലേക്കുമാണ് വേണുവിന്റെ അത്ഭുതകരമായ തിരിച്ചുവരവ്.
ദേശീയതലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ വേണു മാധവൻ മികച്ച പവർലിഫ്റ്റർ മാത്രമല്ല, മികച്ച പരിശീലകനും സമൂഹസേവകനുമാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ വളർന്ന നിരവധി പവർലിഫ്റ്റർമാർ ദേശീയ ചാമ്പ്യന്മാരായി.
2003 മുതൽ ചെന്നൈയിൽ സാമൂഹ്യപ്രവർത്തന രംഗത്തും സജീവമായ വേണു മാധവൻ, തിരുവാൻമയൂരിലെ വേദിക് പഠനശാലയുടെ ചുമതലയും വഹിക്കുന്നു.









