
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ, നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.
നട തുറക്കുന്ന ചടങ്ങിന് ശേഷം, പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെയും അരുൺകുമാർ നമ്പൂതിരി കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30ന് ശബരിമല സോപാനത്ത് വെച്ച് തന്ത്രി പ്രസാദ് നമ്പൂതിരിയെ അഭിഷേകം ചെയ്ത് അവരോധിക്കും.
Also Read: നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇതിന് ശേഷം മാളികപ്പുറം ക്ഷേത്രനടയിൽ മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെയാണ് തീർത്ഥാടനം ഔദ്യോഗികമായി ആരംഭിക്കുക.
ദിവസവും പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 മണിവരെയും ഭക്തർക്ക് ദർശനം ഉണ്ടാകും. ഡിസംബർ രണ്ടുവരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ ഇനി ഒഴിവില്ല. 70,000 പേരാണ് ഈ ദിവസങ്ങൾ വരെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. ഇതിൽ 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി അവസരം ലഭിക്കും. തീർത്ഥാടകർക്ക് വിശ്രമിക്കാൻ പമ്പയിൽ പത്ത് നടപ്പന്തലുകളും ജർമൻ പന്തലും ഉൾപ്പെടെ ഒരേസമയം 10,000 പേർക്ക് സൗകര്യമുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ. ജയകുമാർ ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയേക്കും. ബോർഡിന്റെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്നത് വാസ്തവമാണെന്നും, ബോർഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങൾ പരിശോധിച്ച് അത് ആവർത്തിക്കാതിരിക്കാനുള്ള ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ജയകുമാർ പറഞ്ഞു.
The post മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും appeared first on Express Kerala.









