
മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹച്ചടങ്ങുകൾ പിതാവിന്റെ അസുഖത്തെ തുടർന്ന് മാറ്റിവച്ചു. മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലായിരുന്നു വിവാഹം നടക്കേണ്ടത്. ഹൽദിയും സംഗീത് ചടങ്ങുകളും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരികയായിരുന്നു.
സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്‌ക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് വിവാഹവേദിയിലെത്തിയ ആംബുലൻസിലൂടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും താരത്തിന്റെ മാനേജർ തുഹിൻ മിശ്ര സ്ഥിരീകരിച്ചു.
വിവാഹത്തിന് തയാറാക്കിയ എല്ലാ ചടങ്ങുകളും നിമിഷങ്ങൾക്കകം നിർത്തിവയ്‌ക്കേണ്ടിയായപ്പോൾ സ്മൃതിയും കുടുംബവും പിതാവിനൊപ്പം അതിവേഗം ആശുപത്രിയിലേക്കെത്തി.






