
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎയുടെ അന്വേഷണം നിർണ്ണായകമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നതോടെ ഭീകരാക്രമണത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായി. ഏറ്റവും പുതിയ സംഭവവികാസത്തിൽ, ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയ ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നു. ഭീകരർ ആസൂത്രണം ചെയ്തത് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണ ഏജൻസി പുറത്തുവിട്ടു.
സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായ പുതിയ വ്യക്തി.ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നത് ഇയാളായിരുന്നു. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്.
വൈകിട്ട് 6.55ഓടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം നിലവിൽ 15 ആയി ഉയർന്നിട്ടുണ്ട്.
Read Also: ശ്വാസം മുട്ടി, തളർന്ന് ഡൽഹി-എൻസിആർ! സ്‌കൂളുകൾ നാളെ തുറക്കുമോ? ആശയക്കുഴപ്പത്തിലായി മാതാപിതാക്കൾ
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിത ഡോക്ടർ അടക്കമുള്ള പ്രതികൾക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനകളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. ഇത് സംബന്ധിച്ച നിർണായകമായ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം കണ്ടെടുത്തു. സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന മുസാഫർ നിലവിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് എൻഐഎ നൽകുന്ന സൂചന. തുർക്കിയിൽ നിന്നുള്ള അബു ഉകാസഎന്ന യാളാണ് ഇന്ത്യയിലുള്ള ഡോക്ടർമാരെ നിയന്ത്രിച്ചിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ചിരുന്ന ഫോണുകൾ കണ്ടെത്താനുള്ള ശ്രമം എൻഐഎ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ അറസ്റ്റും അന്വേഷണത്തിലെ ഓരോ കണ്ടെത്തലും രാജ്യസുരക്ഷയ്ക്ക് നേരെ ഭീകരർ ഉയർത്തുന്ന വൻ ഭീഷണിയെയാണ് സൂചിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഭീകരപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെടുന്നതും ഡ്രോൺ പോലുള്ള സാങ്കേതിക വിദ്യകൾ ആക്രമണത്തിനായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. മുസാഫറിനെയും മറ്റ് വിദേശ ബന്ധങ്ങളെയും കണ്ടെത്താനുള്ള എൻഐഎയുടെ നീക്കങ്ങൾ ഈ അന്താരാഷ്ട്ര ഗൂഢാലോചനയുടെ പൂർണ്ണ ചിത്രം പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
The post ചെങ്കോട്ട സ്ഫോടനത്തിൽ നടന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന! മരണസംഖ്യ 15 ആയി, ഒരാൾ കൂടി പിടിയിൽ appeared first on Express Kerala.









