
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനു വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ചു. വോട്ടർ പട്ടികയിൽ തൻ്റെ പേര് ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, ഈ വിഷയത്തിൽ വിനുവിനും കോൺഗ്രസിനും തിരിച്ചടിയായി പുതിയ സ്ഥിരീകരണം പുറത്തുവന്നു. വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ (എ ആർ ഒ) സ്ഥിരീകരിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അവസരങ്ങളുണ്ടായിട്ടും വിനു അത് വിനിയോഗിച്ചില്ലെന്നും എ ആർ ഒ കണ്ടെത്തി. ഈ കാര്യങ്ങൾ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് എ ആർ ഒ അറിയിച്ചു. ഇതോടെ, വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നുവെന്ന കോൺഗ്രസിൻ്റെ ആവർത്തിച്ചുള്ള വാദം വെട്ടിലായി.
Also Read: ‘രാജി വാർത്ത ഒരു ശതമാനം പോലും ശരിയല്ല’; അഭ്യൂഹങ്ങൾ തള്ളി എൻ ശക്തൻ
വി എം വിനുവിൻ്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനെതിരെ കോൺഗ്രസ് നേതൃത്വം നേരത്തെ എ ആർ ഒക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 2020ലും വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വിവരം സ്ഥിരീകരിച്ചത്. ഈ സ്ഥിരീകരണത്തോടെ കോൺഗ്രസ് നൽകിയ പരാതിയിൽ തുടർനടപടികൾക്ക് സാധ്യതയില്ല. വിനുവിൻ്റെ സ്ഥാനാർത്ഥിത്വവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സിപിഎം നിലപാട് ശക്തമാക്കുന്നു
നിയമപരമല്ലാതെ വി എം വിനുവിന് വോട്ട് അനുവദിച്ചാൽ ശക്തമായി എതിർക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോഴാണ് വിനുവിൻ്റെ പേര് പട്ടികയിലില്ലെന്ന കാര്യം അദ്ദേഹവും കോൺഗ്രസ് നേതൃത്വവും അറിയുന്നത്.
The post പട്ടികയിൽ ഇടം തേടി! വോട്ടർപട്ടിക വിവാദം മുറുകുന്നു; വി എം വിനു ഹൈക്കോടതിയിലേക്ക് appeared first on Express Kerala.









