
ഇന്ത്യയിൽ വിൽക്കുന്ന മിക്ക ഫാർമ-ഗ്രേഡ് പ്രോട്ടീൻ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും, പലതിലും അപകടകരമായ രീതിയിൽ മായം ചേർത്തിട്ടുണ്ടെന്നും വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. മിക്ക ഉൽപ്പന്നങ്ങളിലും ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാത്തതിനു പുറമെ, ഉയർന്ന അളവിൽ പഞ്ചസാരയും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഗവേഷണത്തിൽ പറയുന്നു.
കേരളത്തിലെ രാജഗിരി ഹോസ്പിറ്റൽ, സിൻസിനാറ്റി സർവകലാശാല (യുഎസ്), അബീർ മെഡിക്കൽ ഗ്രൂപ്പ് (സൗദി അറേബ്യ) എന്നിവിടങ്ങളിലെ ഗവേഷകർ പ്രതിനിധീകരിക്കുന്ന മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്‌കെയർ (MESH) ആണ് 34 വേ പ്രോട്ടീൻ പൗഡറുകളിൽ (18 മെഡിക്കൽ ഗ്രേഡ്, 16 ന്യൂട്രാസ്യൂട്ടിക്കൽ) താരതമ്യം ചെയ്ത് പഠനം നടത്തിയത്. ഈ പഠനം പിയർ-റിവ്യൂഡ് ജേണലായ ‘മെഡിസിനിൽ’ (Medicine) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
പ്രോട്ടീൻ കുറവ്: 100 ഗ്രാം പ്രോട്ടീൻ പൗഡർ പാക്കറ്റിൽ ശരാശരി 29 ഗ്രാം മാത്രമാണ് യഥാർത്ഥത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്. ബാക്കി 83 ശതമാനം ഘടകങ്ങൾ സംബന്ധിച്ചും ലേബലിൽ നൽകിയിരുന്നത് തെറ്റായ വിവരങ്ങളായിരുന്നു.
മാലിന്യ സാന്നിധ്യം: പല ഉൽപ്പന്നങ്ങളിലും ഹെവി മെറ്റലുകളും, അർബുദത്തിന് കാരണമാകുന്ന അഫ്ലാറ്റോക്സിൻ പോലുള്ള വിഷവസ്തുക്കളും കണ്ടെത്തി.
ഉയർന്ന പഞ്ചസാര: 44 ശതമാനം ഉൽപ്പന്നങ്ങളിലും രണ്ട് ഗ്രാമിൽ കൂടുതൽ സൂക്രോസ് അല്ലെങ്കിൽ ഫ്രക്ടോസ് (പഞ്ചസാര) അടങ്ങിയിരുന്നു.
ഗുണനിലവാരമില്ലാത്ത അമിനോ ആസിഡുകൾ: പേശികളുടെ ആരോഗ്യത്തിന് നിർണ്ണായകമായ അമിനോ ആസിഡ് ആയ ലൂസിൻ, ഒരു ഫാർമ-ഗ്രേഡ് പൗഡറുകളിലും അഞ്ച് ഗ്രാമിൽ കൂടുതൽ കണ്ടെത്താനായില്ല.
തെറ്റിദ്ധാരണ പരത്താൻ ടോറിൻ (Taurine): പ്രോട്ടീന്റെ അളവ് പെരുപ്പിച്ചു കാണിക്കുന്നതിനായി, പ്രോട്ടീൻ അല്ലാത്ത അമിനോ ആസിഡായ ടോറിൻ (Taurine) പലതിലും ഉയർന്ന അളവിൽ ചേർത്തിരുന്നതായും കണ്ടെത്തി.
ഡോക്ടർമാർ പോലും ബോധവാന്മാരല്ല
“ഈ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ആളുകൾ പ്രോട്ടീൻ പൗഡറുകൾ വിലകൊടുത്ത് വാങ്ങുമ്പോൾ അവർക്ക് ലഭിക്കുന്നത് നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളാണ്,” പഠനത്തിന്റെ ഭാഗമായ ഡോ. സിറിയക് ആബി ഫിലിപ്സ് പ്രതികരിച്ചു. ഈ ഉൽപ്പന്നങ്ങൾ പതിവായി നിർദ്ദേശിക്കുന്ന പല ഡോക്ടർമാരും അവയുടെ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോക്താക്കളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ഈ മായംചേർക്കലുകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
The post പ്രോട്ടീൻ പൗഡർ കഴിക്കുന്നവർ ശ്രദ്ധിക്കുക! മിക്ക ബ്രാൻഡുകളിലും മായം; പുതിയ പഠന റിപ്പോർട്ട് പുറത്ത് appeared first on Express Kerala.









