
കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഫ്രാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറാമ്പ്ര സ്വദേശിയായ സിജോയെയാണ് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മദ്യലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജോ ഫ്രാൻസിയുടെ വീട്ടിലെത്തി ഒരുമിച്ച് മദ്യപിച്ചത്. ഇതിനിടയിൽ, ഫ്രാൻസി സിജോയോട് കടം കൊടുത്ത പണം തിരികെ ചോദിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ, മദ്യലഹരിയിലായിരുന്ന ഫ്രാൻസി കോടാലി ഉപയോഗിച്ച് സിജോയുടെ തലക്കടിക്കുകയായിരുന്നു.
Also Read: മകൾക്ക് നേരെ ക്രൂരത! 11കാരിയെ പീഡിപ്പിച്ച പിതാവിന് 178 വർഷം കഠിന തടവ്
രാത്രി 9 മണിയോടെ, സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം ഫ്രാൻസി അയൽവാസിയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് മദ്യലഹരിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സന്ധ്യയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
The post യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ appeared first on Express Kerala.









