
സാങ്കേതികവിദ്യയിലുള്ള ചൈനീസ് മുന്നേറ്റത്തെ ലോകമെന്നും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ആധുനിക യുഗത്തിലും പുരാതന ചരിത്രത്തിലും ചൈനയുടെ സാങ്കേതിക മികവിന് സമാനതകളില്ല. ഈ പരമ്പരാഗത കഴിവ് നിലനിർത്തിക്കൊണ്ട്, പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, ചൈന പുതിയൊരു ലോകോത്തര നിർമ്മിതിക്ക് കൂടി രൂപം നൽകിയെന്ന വാർത്തയാണ് അന്താരാഷ്ര മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്.
‘ആണവ സ്ഫോടനങ്ങളെ ചെറുക്കാൻ രൂപകൽപ്പന ചെയ്ത ഒരു കൃത്രിമ ദ്വീപ്. ഡീപ്പ്-സീ ഓൾ-വെതർ റെസിഡൻ്റ് ഫ്ലോട്ടിംഗ് റിസർച്ച് ഫെസിലിറ്റി (Deep-Sea All-Weather Resident Floating Research Facility) എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ആണവ ആക്രമണമുണ്ടായാൽ “അത്യന്തം അപകടകരമായ ആഘാതങ്ങളെ മൃദുവായ ഞെരുക്കങ്ങളാക്കി” മാറ്റി സംരക്ഷണം നൽകുമെന്നാണ് ചൈനയുടെ അവകാശ വാദം. ചൈനയുടെ ഫുജിയൻ വിമാനവാഹിനിക്കപ്പലിന്റെ അത്രയും മാത്രം വലുപ്പമുള്ള ഈ മൊബൈൽ ദ്വീപ് ലോകത്തിന് മുന്നിൽ ഒരു പുതിയൊരു സാങ്കേതിക വിസ്മയം തന്നെയാണ്!
78,000 ടൺ ഭാരമുള്ള, സെമി-സബ്‌മെർസിബിൾ ട്വിൻ-ഹൾ പ്ലാറ്റ്‌ഫോമാണ് ഈ കൃത്രിമ ദ്വീപ്. കൂടാതെ ലോകത്തിലെ ആദ്യത്തെ മൊബൈൽ, സ്വയം-സുസ്ഥിരമായ കൃത്രിമ ദ്വീപായിരിക്കും ഇത്. “മെറ്റാമെറ്റീരിയൽ” സാൻഡ്‌വിച്ച് പാനലുകൾ ഉപയോഗിക്കുന്ന ഒരു അപൂർവ ന്യൂക്ലിയർ-സ്ഫോടന പ്രതിരോധശേഷിയുള്ള രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന ഭാഗം. ആണവ സ്ഫോടന സംരക്ഷണം ഉറപ്പാക്കാൻ അത്യന്താപേക്ഷിതമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ രൂപകൽപ്പന. ഇത് സൈനിക സ്പെസിഫിക്കേഷനായ GJB 1060.1-1991 (ന്യൂക്ലിയർ സ്‌ഫോടന പ്രതിരോധത്തിനായുള്ള സൈനിക സ്പെസിഫിക്കേഷൻ) പാലിക്കുന്നതാണ്. 138 മീറ്റർ നീളവും 85 മീറ്റർ വീതിയും ഇതിനുണ്ടാകും. കൂടാതെ വാട്ടർലൈനിൽ നിന്ന് 45 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഇതിന്റെ പ്രധാന ഡെക്കും വലിയ സവിശേഷതകൾ ഉള്ളവയാണ്. ഈ പ്ലാറ്റ്‌ഫോം എല്ലാ കാലാവസ്ഥയിലും ദീർഘനേരം കടലിൽ തുടരാൻ രൂപകൽപ്പന ചെയ്തത് കൂടിയാണ് എന്നതാണ് ഈ കണ്ടുപിടിത്തത്തെ കൂടുതൽ സവിശേഷമാക്കുന്നത്.

നാല് മാസത്തേക്ക് 238 പേരെ വരെ സംരക്ഷിച്ചു നിർത്താൻ ഇതിന് കഴിയും. അടിയന്തര വൈദ്യുതി, ആശയവിനിമയം, നാവിഗേഷൻ നിയന്ത്രണം എന്നിവയ്ക്കുള്ള കമ്പാർട്ടുമെന്റുകൾ ഉപരിഘടനയിൽ ഉൾപ്പെടുന്നു. അതോടൊപ്പം 6–9 മീറ്റർ തിരമാലകളെ ചെറുക്കാനും കാറ്റഗറി 17 വരെയുള്ള ടൈഫൂണുകളെ അതിജീവിക്കാനും സീ സ്റ്റേറ്റ് 7-ൽ പ്രവർത്തിക്കാനും ട്വിൻ-ഹൾ ഘടനയ്ക്ക് സാധിക്കും. 15 നോട്ട് വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ പ്ലാറ്റ്‌ഫോം മാസങ്ങളോളം കര തൊടാതെ കടലിൽ ഒഴുകി നടക്കാനും കഴിയുന്ന ഒന്നാണ്. ആഴക്കടൽ നിരീക്ഷണം, ഉപകരണ പരിശോധന, സാധ്യതയുള്ള കടൽത്തീര വിഭവ പര്യവേക്ഷണം എന്നിവയുൾപ്പെടെയുള്ള ദീർഘകാല ഗവേഷണങ്ങൾക്ക് ഇത് ഉപകരിക്കും.
ചൈനയുടെ സാങ്കേതിക മുന്നേറ്റം: ചരിത്രം മുതൽ ഇന്ന് വരെ
പുരാതന കാലം മുതൽ തന്നെ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ എന്നും ചൈന ലോകത്തിന് മുന്നിലായിരുന്നു. വെടിമരുന്ന്, അച്ചടി, ദിശ കണ്ടുപിടിക്കുന്ന കോമ്പസ് തുടങ്ങിയ കണ്ടുപിടിത്തങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ഈ പാരമ്പര്യം തുടരുന്ന ചൈനീസ് ഗവേഷകർ ആഴക്കടൽ സാങ്കേതികവിദ്യയിൽ പുതിയ ലോകോത്തര നിലവാരം സ്ഥാപിക്കുകയാണ്. ദേശീയ ശാസ്ത്ര അടിസ്ഥാന സൗകര്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതി (14-ാം പഞ്ചവത്സര പദ്ധതി പ്രകാരം) ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനയുടെ സാങ്കേതിക സ്വയംപര്യാപ്തത എന്ന ദീർഘവീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്.
ഔദ്യോഗികമായി സിവിലിയൻ സയൻസ് ഇൻഫ്രാസ്ട്രക്ചർ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഇതിന്റെ ആണവ സ്ഫോടന പ്രതിരോധ രൂപകൽപ്പന സൈനിക പ്രാധാന്യവും വെളിപ്പെടുത്തുന്നുണ്ട്. ദക്ഷിണ ചൈനാ കടൽ പോലുള്ള തർക്ക ജലപ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മറ്റൊരു വിസ്മയം ചൈനീസ് ‘ദീർഘായുസ്സ് ഗുളിക’ കളാണ്. അടുത്തിടെ, ചൈനീസ് ശാസ്ത്രജ്ഞർ വാർദ്ധക്യം വൈകിപ്പിക്കാനും ദീർഘായുസ്സ് നൽകാനും കഴിവുള്ള രാസ സംയുക്തങ്ങൾ വികസിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് ആരോഗ്യരംഗത്തും ചൈനയുടെ സാങ്കേതികവിദ്യ ലോകശ്രദ്ധ ആകർഷിക്കുകയാണ്.
ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷനുമായി 2024 ഡിസംബറിൽ ഒപ്പുവച്ച ഡിസൈൻ കരാറുകൾ പ്രകാരം, “2028 ഓടെ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പനയും നിർമ്മാണവും പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഞങ്ങൾ,” പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന അക്കാദമിഷ്യനായ ലിൻ സോങ്‌കിൻ പറയുന്നു.
ആണവ ഭീഷണികളെ പോലും ചെറുക്കാൻ കഴിവുള്ള ഒരു കൃത്രിമ ദ്വീപ് നിർമ്മിക്കുന്നതിലൂടെ ചൈന തങ്ങളുടെ സാങ്കേതികവിദ്യയുടെ അതിരുകൾ കൂടുതൽ വികസിപ്പിക്കുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ചൈനീസ് സാങ്കേതിക മികവും, ഷി ജിൻപിങ്ങിൻ്റെ നേതൃത്വവും ചേർന്ന് ലോകത്തെ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് കൈവരിക്കുന്നത്.
The post ലോകത്തിലാദ്യം..! ‘ആണവ സ്ഫോടന ആഘാത’ത്തെ പോലും അതിജീവിക്കും, പിന്നെയാണോ ചുഴലിക്കാറ്റും കൂറ്റൻ തിരമാലകളും appeared first on Express Kerala.









