
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരം ജില്ലയിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ (വെള്ളിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Also Read: സിനിമ കാണാതെ അഭിപ്രായം പറയാനാവില്ല; ‘ഹാൽ’ സിനിമയിലെ രംഗങ്ങളെ ചൊല്ലിയുള്ള ഹർജിയിൽ ഹൈക്കോടതി
തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേയ്ക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം മഴയോ പെയ്‌തേക്കുമെന്നും അധികൃതർ അറിയിച്ചു.
The post കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും; ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത appeared first on Express Kerala.









