
India-South Africa ODI series
റാഞ്ചി: ഭാരത പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയ്‌ക്കെിരെ ഇന്ന് ഏകദിന പരമ്പരയ്‌ക്ക് തുടക്കം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഉച്ചയ്‌ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇതടക്കം പരമ്പരയിലെ എല്ലാ മത്സരങ്ങളും രാത്രിയും പകലുമായാണ് നടക്കുക.
ടെസ്റ്റ് ക്രിക്കറ്റില്‍ ഭാരതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് വളരെ വേഗം വൈറ്റ് ബോള്‍ ക്രിക്കറ്റിനൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയോട് രണ്ട് മത്സര ടെസ്റ്റ് പരമ്പര സമ്പൂര്‍ണ പരാജയം നേരിട്ട ഭാരതം ഏകദിന പരമ്പരയിലൂടെ ക്ഷണം തീര്‍ക്കാമെന്നാണ് കണക്കുകൂട്ടുന്നത്. മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ടീമിലുണ്ട്. ഇവരും എത്തുന്നതോടെ പരിക്ക് കാരണം പുറത്തിരിക്കുന്നവരുടെ പോരായ്‌മകള്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് തുറക്കുക. ക്യാപ്റ്റന്‍ രാഹുല്‍ പതിവ് പോലെ ആറാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങും. ശ്രേയസ് അയ്യര്‍ കളിച്ചിരുന്ന നാലാം നമ്പര്‍ പൊസിഷനില്‍ തിലക് വര്‍മ ബാറ്റ് ചെയ്യും. ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതിനാല്‍ അര്‍ഷദീപ് സിങ് ആയിരിക്കും ഭാരത പേസ് നിരയെ നയിക്കുക. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അടക്കമുള്ളവര്‍ പടയ്‌ക്കൊപ്പമുണ്ട്.
മറുഭാഗത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവൂമയ്‌ക്ക് കീഴില്‍ ടെസ്റ്റ് വിജയത്തിലെ തുടര്‍ച്ച ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണിറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ശക്തമായ ബാറ്റിങ് ലൈനപ്പാണ് ടീമിനുള്ളത്. എയ്‌ദെന്‍ മാര്‍ക്രം മാത്യൂ ബ്രീട്‌സ്‌കെ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് പ്രമുഖര്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ കാഗിസോ റബാഡ മാത്രമാണ് മാറിയിട്ടുള്ളത്. വാരിയെല്ലിന് പരിക്കേറ്റതിനാലാണ് റബാഡ മാറി നില്‍ക്കുന്നത്. ലുംഗി എന്‍ജിഡി, നാന്ദ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ് തുടങ്ങിയവര്‍ക്കൊപ്പം സ്പിന്നില്‍ കരുത്തനായ കേശവ് മഹാരാജും കളിക്കും.
ടീം:
ഭാരതം- കെ.എല്‍. രാഹുല്‍(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്‌ക്ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ശദീപ് സിങ്, ധ്രുവ് ജുറല്‍
ദക്ഷിണാഫ്രിക്ക- ടെംബ ബവൂമ(ക്യാപ്റ്റന്‍), ഒട്ട്‌നെയില്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, മാത്ത്യു ബ്രീട്‌സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, റൂബിന്‍ ഹര്‍മാന്‍, കേശവ് മഹാരാജ്, മാര്‍കോ ജാന്‍സെന്‍, എയ്‌ദെന്‍ മാര്‍ക്രം, ലുംഗി എന്‍ജിഡി, റയാന്‍ റിക്കിള്‍ട്ടണ്‍, പ്രെനേളാന്‍ സുബ്രായെന്‍.









