
ഹണി റോസ് വ്യത്യസ്തമായ കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’. പാലായിൽ നിന്നുള്ള വേട്ടക്കാരനായ പോത്തുപാറ ജോയിച്ചൻ്റെ മകളായ റേച്ചലായിട്ടാണ് ഹണി റോസ് ഈ ചിത്രത്തിൽ എത്തുന്നത്. പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്ന ഈ ചിത്രം ഡിസംബർ 12 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമേ മറ്റ് 4 ഭാഷകളിലായി ആകെ 5 ഭാഷകളിലാണ് ‘റേച്ചൽ’ ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്ത് സജീവമായ ഹണി റോസ്, ‘റേച്ചൽ’ എന്ന ചിത്രത്തിൽ ഇറച്ചി വെട്ടുകാരി എന്ന വ്യത്യസ്തമായ വേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. വേട്ടക്കാരനായ പോത്തുപാറ ജോയിച്ചൻ്റെ വേഷത്തിൽ ബാബുരാജും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനവുമായി എത്തുന്നുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ ജനശ്രദ്ധ നേടുകയും ഏറെ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. കൂടാതെ, ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത്.
Also Read: മമ്മൂക്കയുമായി വർക്ക് ചെയ്യാൻ എളുപ്പം; ഡയലോഗ് പറയാൻ അദ്ദേഹം എന്നെ ഏറെ സഹായിച്ചു! വിനായകൻ
ഒരു റിവഞ്ച് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹണി റോസ്, ബാബുരാജ്, റോഷൻ എന്നിവരെ കൂടാതെ ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ ജോൺ, ദിനേശ് പ്രഭാകർ, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങി ശ്രദ്ധേയരായ ഒരു വലിയ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
റേച്ചൽ നിർമ്മിച്ചിരിക്കുന്നത് ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ്. രാഹുൽ മണപ്പാട്ടിൻ്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ് തന്നെയാണ് ചിത്രത്തിൻ്റെ വിതരണവും നിർവ്വഹിക്കുന്നത്.
The post തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘റേച്ചൽ’…! ഹണി റോസിന്റെ മാസ്മരിക വേഷപ്പകർച്ച ഡിസംബർ 12ന് appeared first on Express Kerala.









