
ഇപ്പോഹ്(മലേഷ്യ): സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഭാരതം ഫൈനലില്‍. ഇന്ന് വൈകീട്ട് ആറിന് മലേഷ്യന്‍ സ്‌റ്റേറ്റ് പെറാക്കിന്റെ തലസ്ഥാന നഗരം ഇപ്പോഹില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബെല്‍ജിയവുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ കാനഡയെ 14-3ന് തകര്‍ത്താണ് ഭാരതം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ആറ് ടീമുകള്‍ അടങ്ങുന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഭാരതം ഫൈനലിലെത്തിയത്.
ആറ് ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൗണ്ടില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് രാജ്യങ്ങളായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഇന്നലെ മറ്റൊരു പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്താണ് ബെല്‍ജിയം ഒന്നാം സ്ഥാനക്കാരായി ഫൈനല്‍ ഉറപ്പിച്ചത്. ആതിഥേയരായ മലേഷ്യയും കൊറിയയും ആണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.
പ്രാഥമിക ഘട്ടത്തില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച ഭാരതം ബെല്‍ജിയത്തിനോട് മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. നാല് മത്സരങ്ങള്‍ ജയിച്ച ബെല്‍ജിയം ഒന്നില്‍ സമനില പിണയുകയായിരുന്നു. ഭാരതത്തിന്റെ 12നെതിരെ 13 പോയിന്റ് നേടിയാണ് ബെല്‍ജിയം മുന്നിലെത്തിയത്.
ഗോള്‍വര്‍ഷം കണ്ട ഇന്നലത്തെ പോരാട്ടത്തില്‍ ഭാരതത്തിനായി പ്രതിരോധ താരം ജുഗ്‌രാജ് സിങ് ആണ് കൂടുതല്‍ ഗോളുകള്‍ നേടിയത്. നാല് ഗോളുകള്‍. അഭിഷേക്, അമിത് റോഹിദാസ്, രജീന്ദര്‍ സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. സെല്‍വം കാര്‍ത്തി, നീലകണ്ട ശര്‍മ, സഞ്ജയ്, ദില്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോളുകളും നേടി. ഭാരതം നേടിയ 14 ഗോളുകളില്‍ പകുതിയും പെനാല്‍റ്റി കോര്‍ണറില്‍ നിന്നുമായിരുന്നു.









