
ഫുള്‍ഹാം: ആവേശ നിറവിലുള്ള ഫുള്‍ഹാമിലെ സ്റ്റാംഫഡ്ബ്രിഡ്ജ് സ്റ്റേഡിയം ഇന്ന് വീണ്ടും ഒരു ആവേശ പോരാട്ടത്തിന് സാക്ഷിയാകും. പ്രീമിയര്‍ ലീഗിന്റെ 13-ാം റൗണ്ടിലെ അവസാന പോരാട്ടമായി ഇന്ന് രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ചെല്‍സിയുമായി ആഴ്‌സണല്‍ ആണ് കൊമ്പുകോര്‍ക്കുന്നത്. ഇത്തവണത്തെ പ്രീമിയര്‍ ലീഗ് സീസണ്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളാണ് ആഴ്‌സണലും ചെല്‍സിയും.
മൂന്ന് ദിവസം മുമ്പാണ് ചെല്‍സി ഇന്നത്തെ മത്സരം നടക്കുന്ന അവരുടെ സ്വന്തം സ്റ്റാംഫഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സിലോണയെ 3-0ന് നിഷ്പ്രഭരാക്കി പറഞ്ഞയച്ചത്. അതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് വമ്പന്‍ ടീം ചെല്‍സിയും ആരാധകരും. സീസണില്‍ ഒരു മത്സരത്തില്‍ മാത്രം തോല്‍വി അറിഞ്ഞിട്ടുള്ള ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച അഞ്ചാം മത്സരവും ജയിച്ചാണ് ചെല്‍സി തട്ടകത്തില്‍ പൊടിപാറിക്കാനെത്തുന്നത്. രണ്ട് ദിവസം മുമ്പാണ് സ്വന്തം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 3-1ന് തകര്‍ത്തത്.
സിറ്റിക്ക് പിന്നാലെ ഇക്കുറി ലിവര്‍ കൂടി നിറം മങ്ങിയ പ്രകടനം തുടരുന്നതിന്റെ ഒഴിവ് ഭംഗിയായി നികത്തിക്കൊണ്ടിരിക്കുകയാണ് മിക്കേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍. പഴയ വമ്പിന്റെ പ്രതാപം ഇടയ്‌ക്കിടെ കാട്ടുന്ന ചെല്‍സി ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ ജേതാക്കളായാണ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടങ്ങിയത്. ലോക ചാമ്പ്യന്‍മാര്‍ക്ക് ചേരുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ തോറ്റതിന്റെ ക്ഷീണമുണ്ട്. അത് മാറ്റിയെടുക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. കൂടാതെ ചെല്‍സിയുടെ കരുത്തും പോരായ്‌മകളും കൃത്യമായി വ്യക്തമാകും എന്ന പ്രത്യേകത കൂടി ആഴ്‌സണലിനെതിരായ ഇന്നത്തെ മത്സരത്തിനുണ്ട്.









