
മലപ്പുറം: വണ്ടൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, 6.25 ഗ്രാം മെത്താഫിറ്റമിനുമായി ഒരാളെ വണ്ടൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. കൂരാട് തെക്കുംപുറം സ്വദേശിയായ അബ്ദുൽ ലത്തീഫാണ് (27) സംഭവത്തിൽ പിടിയിലായത്. സി.ഐ. സംഗീത് പുനത്തിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, എസ്.ഐ. ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
നേരത്തെ 40 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ അബ്ദുൽ ലത്തീഫ്, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി ഗ്രാമിന് 3,500 രൂപ നിരക്കിലാണ് മെത്താഫിറ്റമിൻ വിൽപന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾ അടുത്തിടെ ഒരു കാറുടമയിൽ നിന്ന് 22,000 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ്.
The post വണ്ടൂരിൽ മയക്കുമരുന്ന് വേട്ട; 6.25 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ appeared first on Express Kerala.









