
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ സെമിയിലെത്താന്‍ തിരുവനന്തപുരം കൊമ്പന്‍സിന് അവസാന മത്സരം വരെ കാത്തിരിക്കണം.ഇന്നലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മലപ്പുറം എഫ് സിയോട് സമനില പാലിച്ചതാണ് കൊമ്പന്‍സിന്റെ സെമി പ്രവേശം വൈകിപ്പിച്ചത്. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. മലപ്പുറത്തിനായി അബ്ദെല്‍ഹെയും കൊമ്പന്‍സിനായി പൗലോ വിക്ടറും ഗോളടിച്ചു. 9 കളികളില്‍ നിന്ന് 12 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊമ്പന്‍സുള്ളത്, മലപ്പുറം ഇത്രയും മത്സരങ്ങളില്‍ 11 പോയിന്റോടെ തൊട്ട് പിന്നില്‍ നാലാം സ്ഥാനത്താണ്.
കളിയുടെ തുടക്കം മുതല്‍ മലപ്പുറത്തിന്റെ മുന്നേറ്റമായിരുന്നു.
അവസാന റൗണ്ടിലെ തൃശൂര്‍ – കണ്ണൂര്‍, തിരുവനന്തപുരം – കാലിക്കറ്റ്, മലപ്പുറം – കൊച്ചി മത്സരഫലങ്ങളാവും സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് ടീമുകളെ നിശ്ചയിക്കുക. കാലിക്കറ്റ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ടീമുകള്‍ ഇതിനോടകം സെമി ഫൈനലില്‍ ഇടം ഉറപ്പിച്ചിട്ടുണ്ട്.
പന്ത്രണ്ടാം മിനിറ്റില്‍ മലപ്പുറത്തിന്റെ റിഷാദ് ഗഫൂര്‍ വലതുവിങിലൂടെ മുന്നേറി രണ്ട് പ്രതിരോധക്കാരെ മറികടന്ന് നടത്തിയ ഗോള്‍ ശ്രമം പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റില്‍ മലപ്പുറം ലീഡ് നേടി. ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച പന്ത് ലോങ്‌റേഞ്ച് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് മൊറോക്കോ താരം എല്‍ഫോര്‍സി (10). ഇരുപത്തിയെട്ടാം മിനിറ്റില്‍ ബദര്‍ നല്‍കിയ പാസ് ജോണ്‍ കെന്നഡി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തിരുവനന്തപുരം ഗോളി സത്യജിത് രക്ഷകനായി. ആദ്യപകുതിയില്‍ ആതിഥേയരുടെ റോച്ചെ, ജാസിം, തുഫൈല്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ തുഫൈലിന് പകരം അസ്ഹര്‍ കളത്തിലെത്തി.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തിരുവനന്തപുരം സമനില നേടി. മധ്യനിരയില്‍ നിന്ന് ലഭിച്ച ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പൗളോ വിക്ടര്‍ പ്രതിരോധനിരയെയും ഗോള്‍കീപ്പറെയും മറികടന്ന് ഇടതുകാല്‍ കൊണ്ട് ഫിനിഷ് ചെയ്തു (11). തുടര്‍ന്ന് വിജയത്തിനായി രണ്ട് ടീമുകളും വാശിയോടെ പൊരുതി മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു. 6221 കാണികള്‍ മത്സരം കാണാന്‍ ഗ്യാലറിയിലെത്തി.
ഡിസംബര്‍ 2 ന് നിര്‍ണായകമായ പത്താം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിയെ നേരിടും. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂരിന് വിജയം അനിവാര്യമാണ്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്.









