
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഭാരതം സെമിയില്‍ പുറത്തായി. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ജര്‍മനിയോട് ഏറ്റുമുട്ടിയ ഭാരതം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
നാല് ക്വാര്‍ട്ടറിലായി അഞ്ച് ഗോളുകള്‍ വഴങ്ങിയ ശേഷം മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് കേരളം ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റി കോര്‍ണറിലൂടെ അന്‍മോല്‍ എക്കാ സ്‌കോര്‍ ചെയ്തു.
ആദ്യ ക്വാര്‍ട്ടറില്‍ 14-ാം മിനിറ്റില്‍ ലുകാസ് കോസലിലൂടെ ജര്‍മനി മത്സരത്തിന്റെ അക്കൗണ്ട് തുറന്നു. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ കൂടി നേടി 3-0ന്റെ വ്യക്തമായ ലീഡ് കണ്ടെത്താന്‍ ജര്‍മനിക്കായി. മത്സരം പാതി സമയം പിന്നിടുമ്പോള്‍ ജര്‍മനി വ്യക്തമായ ആധിപത്യത്തോടെ മുന്നില്‍. തുടര്‍ന്ന് മൂന്നും നാലും ക്വാര്‍ട്ടറുകളിലും ഓരോ ഗോള്‍ വീതം നേടി.
ഇന്നലെ മറ്റൊരു സെമിയില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്‌ച്ച രാത്രി എട്ടിനാണ് ഫൈനല്‍. അന്ന് വൈകീട്ട് അഞ്ചിന് ഭാരതം-അര്‍ജന്റീന ലൂസേഴ്‌സ് ഫൈനല്‍ നടക്കും.









