
സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ കണ്ടെത്തലാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിങ്ങര്‍ കണ്ണൂര്‍ സ്വദേശി അത്തായക്കുന്നുക്കാരന്‍ മുഹമ്മദ് സിനാന്‍. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടി. കണ്ണൂര്‍ വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചെസിന്റെ തുറുപ്പ് ചീട്ട് ആണ് സിനാന് എന്ന് പറയാം. വേഗമാണ് ഈ അറ്റാക്കറുടെ പ്രത്യേകത. ഒപ്പം ദ്രുതഗതിയിലുള്ള നീക്കങ്ങളും ഇരുകാലുകൊണ്ടുമുള്ള ഷൂട്ടിങ് മികവും. കണ്ണൂര്‍ വാരിയേഴ്സിന്റെ സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ കണ്ടുപിടുത്തമാണ് സിനാന്‍. ഗെയിം ചേഞ്ചര്‍ പ്രൊജക്ടിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പ്രതിഭകളെ കെണ്ടത്താനുളള സെലക്ഷനില്‍ നിന്ന് ത്രിദിന ക്യാമ്പിലേക്കും തുടര്‍ന്ന് സീനിയര്‍ ക്യാമ്പിലേക്കും സെലക്ഷന്‍ ലഭിച്ച സിനാന്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ സീനിയര്‍ ടീമില്‍ ഇടംപിടിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസ് മികച്ച താരമാക്കി മിനുക്കിയെടുത്തു. കണ്ണൂര്‍ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ് പിതാവ് കെ മുഹമ്മദ് സലീം. എ.പി. സഹനാസ് ആണ് മാതാവ്. സഹോദരങ്ങളായ റഹീസും സജാസും പ്രോത്സാഹനവുമായി കൂടെയുണ്ട്. മുഹമ്മദ് സിനാന്‍ ജന്മഭൂമിയോട്
മനസ്സു തുറന്നു.
കണ്ണൂര്‍ വാരിയേഴ്സിലേക്കുള്ള വരവ്
ഗെയിം ചേഞ്ചര്‍ പ്രോജക്ട് വഴി നടന്ന ജില്ലാതല സെലക്ഷനാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ആദ്യം മൂന്നുദിവസത്തെ ക്യാമ്പിലേക്കും പിന്നീട് സീനിയര്‍ ക്യാമ്പിലേക്കും സെലക്ഷന്‍ ലഭിച്ചു. അവിടെ നിന്നാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ സീനിയര്‍ ടീമിലേക്കുള്ള അവസരം ലഭിച്ചത്. ഒരു പ്രൊഫഷണല്‍ ക്ലബ്ബിന്റെ ജേഴ്സി അണിയുമ്പോഴുണ്ടാകുന്ന ആ ആവേശം ഇന്നും പറയാനാകില്ല. എന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് അതായിരുന്നു.
ടീമില്‍ എത്തിയശേഷമുണ്ടായ മാറ്റങ്ങള്‍
പ്രൊഫഷണല്‍ പരിശീലന രീതികള്‍, ഫിറ്റ്‌നസ് സ്റ്റാന്‍ഡേഡ്‌സ്, ഡയറ്റ് എല്ലാം തന്നെ ഒരു പുതുഅനുഭവമായിരുന്നു. മാനുവല്‍ സാഞ്ചസ് കോച്ചും ഷഫീഖ് കോച്ചും മറ്റു കോച്ചിംഗ് സ്റ്റാഫുകളും എന്റെ കളിയിലെ പല ചെറിയ കാര്യങ്ങളും ശരിയാക്കിയെടുത്തു. വേഗം, പാസിങ്, കൃത്യമായ ഫിനിഷിംങ്, മത്സരത്തില്‍ തീരുമാനമെടുക്കല്‍ എല്ലാം മെച്ചപ്പെട്ടത് ഈ ടീമില്‍ എത്തിയതിന് ശേഷമാണ്.
വിദേശ താരങ്ങള്‍ക്കൊപ്പം
ആദ്യമൊക്കെ കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നീട് അവരോടൊപ്പം ഇടപഴകിയപ്പോള്‍ അതെല്ലാം പോയി. കളിക്കളത്തിന് അകത്തും പുറത്തും ധാഅവരെല്ലാം മികച്ച പിന്തുണയാണ് നല്‍കുന്നത്. പിന്നെ ലോകോത്തര നിലവാരമുള്ള താരങ്ങള്‍ എങ്ങനെയാണ് പ്രൊഫഷണല്‍ രീതികള്‍ പിന്തുടരുന്നത് എന്നെല്ലാം പഠിക്കാന്‍ സാധിക്കും. മത്സരത്തിലും പരിശീലനത്തിനും വരുത്തുന്ന പിഴവുകള്‍ തിരുത്താന്‍ സഹായിക്കാറുണ്ട്. അതോടൊപ്പം അവരുടെ മത്സരത്തോടുള്ള സമീപനവും പരിശീലനത്തിലെ കഠിനാധ്വാനവും കാണുമ്പോള്‍ എനിക്കും കൂടുതല്‍ മെച്ചപ്പെടണമെന്ന തോന്നലുണ്ടായി.
പ്രൊഫഷണലിസമാണ് വിദേശതാരങ്ങളില്‍ നിന്ന് പഠിച്ച വലിയ പാഠം. എല്ലാ ദിവസവും സ്വന്തം ടീമിനായി 100% നല്‍കണം എന്ന തോന്നലുണ്ടാക്കാനായി. പരിശീലനം ഇല്ലാത്ത ദിവസം പോലും അവര്‍ സ്വന്തമായി ജിമ്മില്‍ പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്.
ഫുട്ബോളിലേക്കുള്ള വരവ്, മുന്‍പ്് കളിച്ച ടീമുകള്‍
സ്‌കൂള്‍ സമയത്ത് തന്നെ ഫുട്‌ബോളില്‍ വലിയ ഇഷ്ടമുണ്ടായിരുന്നു. പിതാവ് ചെറുപ്രായത്തില്‍ തന്നെ പന്ത് തട്ടാനും കളിക്കാനും പ്രോത്സാഹിപ്പിക്കുമായിരുന്നു. അതോടൊപ്പം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റുകള്‍ കാണിക്കാനും കൊണ്ടുപോകുമായിരുന്നു. കേരള പോലീസ് ഗോള്‍കീപ്പര്‍ വിനോദ്, റോഷന്‍ എന്നിവരുടെ കണ്ണനൂര്‍ അക്കാദമിയിലൂടെ തുടക്കം ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കെ.വി. ധനേഷിന്റെ കെവി സോക്കര്‍ അക്കാദമിയില്‍ പരിശീലനത്തില്‍ ചേര്‍ന്നത്. ഹൈസ്‌കൂള്‍ പഠനകാലത്ത് രാജീവ് സാറിന് കീഴിലെ പരിശീലനവും ഗുണം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ യുണൈറ്റഡ് എഫ്‌സിക്കു വേണ്ടിയും യെനെപോയ സര്‍വകലാശാലക്ക് വേണ്ടിയും കളിച്ചു.
ഫുട്ബോളാണ് ജീവിതം
കളിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷം അനുഭവിച്ചപ്പോഴാണ് ഫുട്‌ബോളാണ് എന്റെ വഴി എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ കുടുംബത്തിന് ഞാന്‍ ഫുട്‌ബോളിലൂടെ എന്തെങ്കിലും നേടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.
സെവന്‍സ് അനുഭവങ്ങള്‍ ?
സെവന്‍സ് കളി വേറെ അനുഭവമാണ്. സെവന്‍സ് ഫാസ്റ്റ് ഗെയിം ആണ്. വലിയ ജനകൂട്ടം. സെവന്‍സ് കളിക്കുന്നതിലൂടെ ഏത് എതിരാളികളെയും നേരിടാനുള്ള ധൈര്യം ലഭിക്കും. അത് എനിക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ സഹായമായി.
സെവന്‍സ് ഢട പ്രൊഫഷണല്‍ ഫുട്ബോള്‍
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഡിസിപ്ലിന്‍, പെസിഷനിംങ്, ടാക്റ്റിക്കല്‍ അവേയര്‍നെസ്സ് ഇവ പ്രധാനമാണ്്. കളിയുടെ റീഡിംങ്, ടീമിന്റെ പ്ലാന്‍, റോളുകളുടെ ഉത്തരവാദിത്വം ഇവയെല്ലാം ഇവിടെ പഠിക്കണം. ശീലങ്ങളും ജീവിതശൈലിയും പ്രൊഫഷണലാക്കിയതാണ് ഏറ്റവും വലിയ മാറ്റം.
ഐഎസ്എല്ലിന്റെ ഭാവിയും സൂപ്പര്‍ ലീഗിന്റെ സാധ്യതയും
സൂപ്പര്‍ ലീഗ് കേരള ഇപ്പോള്‍ രാജ്യത്തെ തന്നെ മികച്ച ലീഗുകളില്‍ ഒന്നായി മാറി. ഇന്ത്യയില്‍ ഐഎസ്എല്ലും ഐ ലീഗും താല്‍കാലികമായി നിര്‍ത്തിയപ്പോഴും സൂപ്പര്‍ ലീഗ് ഭംഗിയായി നടക്കുന്നുണ്ട്. സ്റ്റേഡിയങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ട്. സൂപ്പര്‍ ലീഗില്‍ യുവ താരങ്ങള്‍ക്ക് നല്ല അവസരങ്ങളുണ്ടാകുന്നത് ഫുടിബോളിന്റെ ശോഭനമായ ഭാവിക്ക് നല്ലതാണ്.







