
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്‌സിയുടെ സൂപ്പര്‍ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തില്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിലവിലെ കോച്ച് ആര്‍നെ സ്ലോട്ടില്‍ നിന്നും നേരിടുന്ന അവഗണനയെ കുറിച്ചും കോച്ചുമായുള്ള ഒത്തിണക്കമില്ലായ്‌മയും സലാ പരോക്ഷമായി സൂചിപ്പിച്ചു. വര്‍ഷങ്ങളായി ലിവറിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന താന്‍ ഒരുകാലത്തും ഒരു ടീമില്‍ നിന്നും നേരിടാത്ത വെല്ലുവിളിയാണ് സ്വന്തം ടീമില്‍ നിന്നും നേരിടുന്നതെന്ന് സലാ അറിയിച്ചു. വരുന്ന ശനിയാഴ്‌ച്ച ബ്രൈറ്റണിനെതിരായ മത്സരമായിരിക്കും ലിവറിനു വേണ്ടിയുള്ള തന്റെ അവസാന മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഒരു കളിയുടെ 90 മിനിറ്റും ഞാന്‍ സൈഡ് ബെഞ്ചിലിരിന്നുവെന്ന്. ഒന്നല്ല കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഇത് ആവര്‍ത്തിക്കുന്നു. ഇതുപോലൊരു സാഹചര്യം എന്റെ കരിയറില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. ലിവറിന് വേണ്ടി ഒത്തിരി ചെയ്തിട്ടുള്ളയാളാണ്, ലീഗ് കിരീടം നേടിയ ഇക്കഴിഞ്ഞ സീസണിലും അത് ആവര്‍ത്തിച്ചിരുന്നു, എന്നിട്ടും എന്തുകൊണ്ട് ക്ലബ്ബ് എന്നോട് ഈ സമീപനം പുലര്‍ത്തുന്നുവെന്ന് മനസ്സിലാകുന്നില്ല- മുഹമ്മദ് സലാ പറഞ്ഞു.
ഈ ക്ലബ്ബ് എന്നെ പുറത്താക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ആരോ ഇതിന്റെ പിന്നിലുണ്ടെന്ന് ആരോപിച്ച സലാ പക്ഷെ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയില്ല. കഴിഞ്ഞ ഏതാനും സീസണുകളിലായി ലിവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അത്യുഗ്രന്‍ കുതിപ്പില്‍ സലായുടെ തിളക്കമാര്‍ന്ന കരിയറിന്റെ മികവും ഉണ്ടായിരുന്നു. ജര്‍മന്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ മാനേജരായിരുന്ന കാലത്താണ് സലായുടെ മികവ് ലോകം കൂടുതലായി അറിഞ്ഞതും ആസ്വദിച്ചതും. നാല് തവണ പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍വേട്ടക്കാരനായി. കഴിഞ്ഞ വര്‍ഷം ലിവര്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതില്‍ സുപ്രധാന പങ്ക് വഹിച്ചത് സലാ ആയിരുന്നു.
ഭാവിയെ കുറിച്ചുള്ള സൂചനകള്‍ അഭിമുഖത്തില്‍ സലാ നല്‍കി കഴിഞ്ഞു. സ്വന്തം നാടായ ഈജിപ്തിലെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. ഈജിപ്തിലെ അല്‍ മക്കാവ്‌ലൂന്‍ ക്ലബ്ബിലൂടെയാണ് സലായുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. അവിടെ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബ് ബാസലിലേക്ക് ക്ഷണം ലഭിച്ചു. പിന്നീട് ചെല്‍സിയിലെത്തി. പ്രീമിയര്‍ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്നത് ചെല്‍സിക്കുവേണ്ടിയായിരുന്നെങ്കിലും ഒന്നര വര്‍ഷത്തിനിടെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫയോറെന്റീനയിലേക്കും അവിടെ നിന്നും വീണ്ടും ലോണില്‍ മറ്റൊരു ഇറ്റാലിയന്‍ ടീം എഎസ് റോമയിലേക്കും മാറി. 2017-18 സീസണിലാണ് ലിവര്‍പൂള്‍ എഫ്‌സി അവരുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച് സലായെ സ്വന്തമാക്കിയത്. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം യര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന അവസരത്തിലാണ് മുഹമ്മദ് സലായെയും ടീമില്‍ എത്തിച്ചത്.









