
ബ്രിസ്‌ബേന്‍: ആഷസില്‍ ഇംഗ്ലണ്ട് ചാരത്തില്‍ത്തന്നെ. രണ്ടാം ടെസ്റ്റിലും അവര്‍ക്ക് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ വിരുന്നുകാരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. അനിവാര്യമായിരുന്ന തോല്‍വിയുടെ ആഴം കുറയ്‌ക്കാനേ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 334 റണ്‍സിനെതിരെ ഓസീസ് 511 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ച നേരിട്ടെങ്കിലും 241 റണ്‍സെടുത്ത് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് ഓസീസ് വിജയിച്ചു. മിച്ചല്‍ സ്റ്റാര്‍ക് കളിയിലെ താരമായി.
ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ സാധിച്ച ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത് 64 റണ്‍സിന്റെ ലീഡ്. ഉറച്ച വിജയത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഓസീസിന് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(22)യും മാര്‍നസ് ലാബുഷെയ്‌നെ(മൂന്ന്)യും നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ് രണ്ട് പേരെയും പുറത്താക്കിയത്. അറ്റ്കിന്‍സണിനെ സിക്‌സര്‍ പറത്തിക്കൊണ്ട് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(23) ആണ് ഓസീസ് വിജയം പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ ജെയക്ക് വെതര്‍ലാന്‍ഡ്(17) പുറത്താകാതെ നിന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സുമായി നാലാം ദിവസം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വില്‍ ജാക്‌സും ചേര്‍ന്ന് 90 റണ്‍സ് കൂടി നേടി. ഏഴാം വിക്കറ്റില്‍ ആകെ 96 റണ്‍സ്. ഇംഗ്ലണ്ട് സ്‌കോര്‍ 224ല്‍ നില്‍ക്കെ വില്‍ ജാക്‌സി(41)നെ പുറത്താക്കി ഓസീസ് ബൗളര്‍ മൈക്കല്‍ നെസര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ സ്റ്റോക്‌സും നെസറിന് മുന്നില്‍ കീഴടങ്ങി. അര്‍ദ്ധ സെഞ്ച്വറി തികച്ച ഉടനെയായിരുന്നു സ്റ്റോക്‌സ്(50) പുറത്തായത്. പിന്നീട് 14 റണ്‍സ് കൂടി നേടുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ ബാക്കി രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. അറ്റ്കിന്‍സും(മൂന്ന്) ബ്രൈഡന്‍ കാഴ്‌സെ(ഏഴ്)യും ആണ് പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍(അഞ്ച്) നോട്ടൗട്ടായി നിന്നു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് നേടിക്കൊണ്ട് നെസര്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിന്റെ ആറ് വിക്കറ്റ് മികവാണ് ഓസീസ് വിജയത്തിന്റെ അടിത്തറയായത്. സ്‌കോട്ട് ബോളണ്ട് രണ്ടും ബ്രെണ്ടന്‍ ഡഗ്ഗറ്റ് ഒന്നും വിക്കറ്റ് നേടി. പരമ്പരയിലെ മൂന്നാം മത്സരം അഡ്‌ലെയ്ഡില്‍ 17ന് ആരംഭിക്കും.









