
മമ്മൂട്ടിയെയും വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയവുമായി മുന്നേറുകയാണ്. ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും വിനായകനും രംഗത്തെത്തി. തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ച് എന്നും കൂടെ നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ മമ്മൂട്ടി, കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്ന പ്രശംസയിലുള്ള സന്തോഷവും പങ്കുവെച്ചു. ചിത്രത്തിനും തന്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു.
മമ്മൂട്ടിയുടെ വില്ലനിസത്തിന് അപൂർവ പ്രശംസ
നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ‘കളങ്കാവലി’നെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക-നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരമൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാകില്ലെന്ന് നിരൂപകർ അടിവരയിട്ട് പറയുന്നു. പ്രേക്ഷകർ ഇന്നേവരെ കാണാത്ത മമ്മൂട്ടിയെയാണ് സംവിധായകൻ ജിതിൻ കെ. ജോസ് ഈ ചിത്രത്തിലൂടെ സമ്മാനിച്ചത് എന്നും അഭിപ്രായമുയരുന്നു.
അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ചവെച്ച മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസറായി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ശരീരഭാഷയും സംസാര രീതിയുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക്കാണ് ‘കളങ്കാവൽ’ കാണിച്ചു തരുന്നത്.
Also Read: മാസ് ലുക്കിൽ റോഷൻ മാത്യു! ‘ചത്താ പച്ച’യിലെ ‘വെട്രി’ വില്ലനോ? ആകാംഷയേറ്റി പോസ്റ്റർ
ബോക്സ് ഓഫീസ് തരംഗം
കേരളത്തിലെ തിയേറ്ററുകളിൽ വമ്പൻ ജനത്തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്. ആദ്യ ദിന കളക്ഷൻ കേരളത്തിൽ മാത്രം അഞ്ച് കോടിയോളം രൂപ നേടി. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്.
സിനിമയുടെ പിന്നാമ്പുറം
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കളങ്കാവൽ’. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.
The post കളങ്കാവൽ’ മെഗാ ബ്ലോക്ക്ബസ്റ്റർ! മമ്മൂട്ടി മാജിക്കിന് കയ്യടിച്ച് ആരാധകർ; വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും appeared first on Express Kerala.









