
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി നിർമ്മാതാവ് സുരേഷ് കുമാർ രംഗത്ത്. “സത്യമേവ ജയതേ, സത്യം എല്ലായ്പ്പോഴും ജയിക്കും” എന്ന് പറഞ്ഞ അദ്ദേഹം, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു.
കുടുംബം അനുഭവിച്ച ദുരിതം
“ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും? ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു,” സുരേഷ് കുമാർ വികാരാധീനനായി പറഞ്ഞു.
എന്തെങ്കിലും ഒരു തെളിവ് പ്രോസിക്യൂഷന് നിരത്താൻ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടര വർഷം ദിലീപ് നേരിട്ടത് വലിയ ഹരാസ്‌മെൻ്റ് ആണെന്നും എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നതെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
Also Read: മുൻപത്തേതിലും ശക്തമായി അവൾക്കൊപ്പമെന്ന് റിമ കല്ലിങ്കൽ! മരണം വരെ കൂടെയുണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി
സർക്കാരും പോലീസും ഉത്തരം പറയണം
“വലിയൊരു ഗൂഢാലോചന ഈ കാര്യത്തിൽ നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്.” തന്നെ സംബന്ധിച്ച് അനിയനെപ്പോലെയാണ് ദിലീപ് എന്നും, തൻ്റെ സിനിമയിലൂടെയാണ് അദ്ദേഹം ആദ്യം വന്നതെന്നും അദ്ദേഹം ഓർമ്മിച്ചു.
“ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം 85-90 ദിവസം ജയിലിൽ കിടന്നു. ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും? സർക്കാരും പൊലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ട്. നല്ല പൊലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്,” സുരേഷ് കുമാർ വിമർശിച്ചു.
The post ദിലീപ് അഗ്നിശുദ്ധി വരുത്തി; 90 ദിവസം ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നൽകും? സുരേഷ് കുമാർ appeared first on Express Kerala.







