
അടുത്ത സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ പുതിയ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പദ്ധതിയിടുന്നു. ബാങ്കിന് മികച്ച വളർച്ചാ സാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ ശാഖകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയർമാൻ സി.എസ്. ഷെട്ടി അറിയിച്ചു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, എല്ലാ വർഷവും 16,000 ജീവനക്കാരെ പുതിയതായി നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കി.
നിലവിൽ 2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി 2.36 ലക്ഷമാണ് എസ്ബിഐയിലെ ജീവനക്കാരുടെ എണ്ണം. ഇതിൽ ഏകദേശം 28 ശതമാനത്തോളം സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ എസ്ബിഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർധിച്ച് 36,837 കോടിയായി ഉയർന്നിരുന്നു.
Also Read: ഐബിപിഎസ് പിഒ ഇന്റർവ്യൂ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി
സംരംഭങ്ങൾ ഗ്രാമങ്ങളിലേക്ക്
പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് (OSS) നഗരങ്ങൾ കൂടാതെ ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നുണ്ട്. കാർഷിക മേഖലയിലുള്ളവരെയും ചെറുകിട വ്യവസായികളെയും സഹായിക്കുന്നതിനും അവരുടെ ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നതിനും 60,000-ത്തിലധികം എടിഎമ്മുകൾ നിരീക്ഷിക്കുന്നതിനും ബാങ്ക് ഈ സേവനം ഉപയോഗിക്കുന്നു. എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം എന്നിവ നിരീക്ഷിക്കുന്ന OSS ജീവനക്കാരെ “എടിഎം മിത്രങ്ങൾ” എന്നാണ് എസ്ബിഐ വിളിക്കുന്നത്.
The post എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ appeared first on Express Kerala.






