
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് തുറന്നടിച്ച് വിചാരണ കോടതിയുടെ വിധി പകർപ്പ് പുത്ത്.
ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ലന്നു വ്യക്തമാക്കിയ കോടതി പൊലീസിനെയാണ് പ്രതികൂട്ടിൽ നിർത്തിയിരിക്കുന്നത്. ദിലീപ് പ്രതികൾക്ക് പണം നൽകിയെന്നതിന് തെളിവില്ലെന്നും വിധി പകർപ്പിൽ എടുത്ത് പറയുന്നുണ്ട്.
പൾസർ സുനി ദിലീപിൽ നിന്ന് പണം വാങ്ങിയതിനും ജയിലിൽ നിന്ന് ദിലീപിനെ വിളിച്ചതിനും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകൾ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ടാണ് ഈ ഡേറ്റകൾ തിരിച്ചെടുക്കാൻ പൊലീസ് ശ്രമിക്കാതിരുന്നതെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയതിൽ വലിയ വീഴ്ച പൊലീസിന് ഉണ്ടായതായാണ് വിധിയിൽ പറയുന്നത്.
ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നീക്കം ചെയ്തെന്ന പ്രോസിക്യൂഷൻ വാദത്തോട് ഫോണുകൾ എന്തുകൊണ്ട് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിക്കുമ്പോൾ പ്രതികൂട്ടിൽ നിൽക്കുന്നത് ഇപ്പോൾ പൊലീസാണ്. എല്ലാം കെട്ടുകഥകൾ മാത്രമാണെന്ന ദിലീപിൻ്റെ വാദത്തെ സാധൂകരിക്കുന്ന നിഗമനങ്ങളിലേക്ക് തന്നെയാണ് കോടതി എത്തിയിരിക്കുന്നത്.
ക്വട്ടേഷൻ നൽകിയതിന് പ്രധാന കാരണമായി പ്രോസിക്യൂഷൻ പറയുന്ന വിവാഹ മോതിരത്തിൻ്റെ കാര്യം അതിജീവത ആദ്യഘട്ടത്തിൽ ഒന്നും പറയാതിരുന്നതിലും കോടതി സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു മാഡമാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് തുടക്കത്തിൽ പൾസർ സുനി പറഞ്ഞിരുന്നത്. എന്നാൽ ആ മാഡം എവിടെ എന്ന നിർണ്ണായക ചോദ്യവും കോടതി പൊലീസിനോട് ചോദിച്ചിട്ടുണ്ട്.
ആകെ 1709 പേജുകളുള്ള വിധി പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. 20 വർഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്.

വിധി പകർപ്പിൻ്റെ കുറച്ച് ഭാഗങ്ങൾ പരിശോധിക്കുമ്പോൾ തന്നെ ഞെട്ടിക്കുന്ന പൊലീസ് ഗൂഢാലോചനയിലേക്കാണ് സംശയങ്ങൾ ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ വിധി പകർപ്പ് പരിശോധിച്ച് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ബി സന്ധ്യ, എ.ഡി.ജി.പി ശ്രീജിത്ത്, ബൈജു പൗലോസ്, എവി ജോർജ്, എസ് പി സുദർശൻ ഉൾപ്പെടെയുള്ള പൊലീസ് ഉന്നതർക്ക് എതിരെ ദിലീപ് ഉടൻ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം അദ്ദേഹത്തിൻ്റെ അഭിഭാഷകരും സ്ഥിരീകരിച്ചിട്ടുണ്ട്
The post നടിയെ ആക്രമിച്ച കേസ്, മാഡം എവിടെ? തെളിവുകൾ എവിടെ? പൊളിച്ചടുക്കി വിചാരണ കോടതി ഉത്തരവ് പുറത്ത് appeared first on Express Kerala.









