
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പര 1-0 എന്ന നിലയിൽ ന്യൂസിലൻഡ് വിജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് റാങ്കിംഗിൽ തിരിച്ചടി നേരിട്ടത്. നിലവിൽ, പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച്, 100 പോയിന്റ് ശതമാനത്തോടെ ഓസ്‌ട്രേലിയയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 75.00 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. അടുത്തിടെ ഇന്ത്യയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായി 66.67 പോയിന്റ് ശതമാനത്തോടെ ന്യൂസിലൻഡും ശ്രീലങ്കയും മൂന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായതാണ് ന്യൂസിലൻഡിന് മൂന്നാം സ്ഥാനത്ത് എത്താൻ തടസ്സമായത്.
Also Read: സഞ്ജുവിനെ അവഗണിക്കുന്നത് എന്തിന്? ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് റോബിൻ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കീഴിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം ഇന്ത്യയാണ് (9 മത്സരങ്ങൾ). നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമുള്ള ടീമിന് 52 പോയിന്റുകൾ ഉണ്ടെങ്കിലും, പോയിന്റ് ശതമാനം വെറും 48.5 മാത്രമായതോടെയാണ് ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീണത്. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച പാകിസ്ഥാൻ 50.00 പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തുണ്ട്.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പര 2026 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയാണ്. അതിനുമുമ്പ്, ജൂണിൽ അഫ്ഗാനിസ്ഥാനുമായി ഒരു ടെസ്റ്റ് കളിക്കുമെങ്കിലും അത് ചാമ്പ്യൻഷിപ്പിന് കീഴിലുള്ള മത്സരമായി കണക്കാക്കില്ല. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ട് 30.95 പോയിന്റ് ശതമാനവുമായി ഏഴാം സ്ഥാനത്തും, ബംഗ്ലാദേശ് 16.67 എട്ടാം സ്ഥാനത്തും, ഏഴ് ടെസ്റ്റുകളിൽ ആറിലും പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസ് 4.76 ഒമ്പതാം സ്ഥാനത്തുമാണ്.
The post ഒരൊറ്റ വിജയം കൊണ്ട് കിവീസ് ഇന്ത്യയെ മറികടന്നു! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ സംഭവിച്ചത് ഞെട്ടിക്കും appeared first on Express Kerala.







