
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി നടൻ പ്രേംകുമാർ പ്രതികരിച്ചു. പ്രതികൾക്ക് ലഭിച്ചിരിക്കുന്നത് നല്ല ശിക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൂഢാലോചന ആരെന്ന് അറിയണം
“കേസിന്റെ തുടക്കം മുതൽ മഞ്ജു വാര്യർ പറഞ്ഞതും പ്രോസിക്യൂഷൻ കണ്ടെത്തിയതും ഒന്നാം പ്രതി പറഞ്ഞതും ക്വട്ടേഷൻ നൽകി എന്നു അതിജീവിത പറഞ്ഞതും ഗൂഢാലോചന നടന്നുവെന്നാണ്. കേസിൽ വെറുതെ വിട്ട ദിലീപും ഗൂഢാലോചന നടന്നുവെന്ന് പറയുന്നു. അപ്പോൾ അത് നടന്നുവെന്നത് ബോധ്യമായിരിക്കുന്നു. ഇനി ആരാണ് ഗൂഢാലോചന നടത്തിയത് എന്നും ആർക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്നും അറിയണം,” പ്രേംകുമാർ വ്യക്തമാക്കി.
Also Read: മൗനം വെടിഞ്ഞ് ‘അമ്മ’! വിധി വരാൻ കാത്തിരിക്കുകയായിരുന്നു, അപ്പീൽ പോകണം: ശ്വേത മേനോൻ
പ്രതികളുടെ ശിക്ഷാവിവരം
എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കുറ്റങ്ങൾക്കായി 3,25,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് വി.പി., അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കും 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്.
ഇവരിൽ ഓരോരുത്തർക്കും 1,25,000 രൂപ മുതൽ 1,50,000$രൂപ വരെ പിഴയും ചുമത്തിയിട്ടുണ്ട്.വിവിധ കുറ്റങ്ങൾക്കായി പ്രതികൾക്ക് കോടതി വിധിച്ച പിഴയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്ന കോടതി ഉത്തരവ് പ്രകാരം, ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷവും മാർട്ടിൻ ആന്റണി പതിനഞ്ച് വർഷവും മണികണ്ഠൻ പതിനഞ്ചര വർഷവും വിജീഷ് പതിനഞ്ച് വർഷവും സലീം പതിനെട്ടര വർഷവും പ്രദീപ് പതിനേഴ് വർഷവുമാണ് ശിക്ഷ അനുഭവിക്കേണ്ടത്.
The post ‘ഗൂഢാലോചന നടന്നുവെന്നത് വ്യക്തം, ഇനി ആരെന്ന് കണ്ടെത്തണം’; കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ പ്രേംകുമാർ appeared first on Express Kerala.






