ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. മുസ്ലിം മതസ്ഥരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാലയളവുകളിലൊന്ന്. പുണ്യങ്ങളുടെ പൂക്കാലമെന്ന് റമദാനെ വിശേഷിപ്പിച്ച് വരാറുണ്ട്. ആത്മസംസ്‌കരണത്തിന്റെ ദിനങ്ങളാണ് വിശ്വാസികളെ സംബന്ധിച്ച് റമദാന്‍.
ശാരീരികവും മാനസികവുമായ ശുദ്ധീകരണം അത് മുന്നോട്ടുവയ്ക്കുന്നു. ഈ വിശുദ്ധ വേളയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ വ്രതം അനുഷ്ഠിക്കുന്നു. മുസ്ലിങ്ങള്‍ നിര്‍ബന്ധമായും ആചരിക്കേണ്ട 5 കാര്യങ്ങളില്‍ ഒന്നായി നോമ്പിനെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണമോ വെള്ളമോ കൂടാതെയാണ് വിശ്വാസികള്‍ ഉപവസിക്കുക, കൂടാതെ അവര്‍ ആത്മീയ, മതപരമായ കാര്യങ്ങളില്‍ മനസ്സര്‍പ്പിക്കുകയും ചെയ്യുന്നു.
റമദാന്‍, പരിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട മാസവുമാണ്. വിശ്വാസിക്ക് വഴിവെളിച്ചമേകുന്ന ഖുര്‍ ആനിന്റെ വാര്‍ഷികാചരണമെന്ന സവിശേഷതയുമുണ്ടെന്ന് അര്‍ഥം. സക്കാത്തിനാലും വിശിഷ്ടമാണ് ഈ വേള. വിശ്വാസികള്‍ അനുകമ്പയോടെ ദാനധര്‍മ്മങ്ങളിലേര്‍പ്പെട്ട് സഹോദരങ്ങളെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നു.
ഈ കാലയളവില്‍ അല്ലാഹുവിനോട് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുമെന്നാണ് വിശ്വാസം. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനും ദിവസം മുഴുവന്‍ നോമ്പനുഷ്ഠിച്ച് നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ഉത്സുകരായിരിക്കും.
ദിവസത്തില്‍ അഞ്ച് തവണ നിസ്‌കരിക്കാനും ആത്മനിയന്ത്രണം പാലിക്കാനും വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും നിരന്തരം പ്രാര്‍ത്ഥിക്കാനും എല്ലാ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാനും അവര്‍ ജാഗ്രത്തായിരിക്കും.
വ്രതാനുഷ്ഠാനം ഇങ്ങനെ
വിശ്വാസികള്‍ സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് അവര്‍ക്കിഷ്ടമുള്ളത് കഴിക്കുന്നു. ദിവസം മുഴുവന്‍ നോമ്പനുഷ്ഠിക്കാന്‍ ആവശ്യമായ ഊര്‍ജം സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സമയത്തെ ഭക്ഷണം.
സൂര്യാസ്തമയ സമയത്ത് വിശ്വാസികള്‍ ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നു. കൂടാതെ വിവിധ തരം ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒന്നിച്ച് കഴിക്കുന്നു. കൂട്ടായ്മയും പങ്കുവയ്ക്കലും ഈ ഒത്തുചേരലിന്റെ സവിശേഷതയാണ്.
ചൂടുകാലത്തെ നോമ്പെടുക്കല്‍
വേനല്‍ പതിയെ തീവ്രത കൈവരിച്ചുവരുമ്പോഴാണ് റമദാന്‍ നോമ്പ്. സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള ഉപവാസം ആരോഗ്യത്തിന് നല്ല ഗുണങ്ങള്‍ നല്‍കുമെങ്കിലും നോമ്പെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ദൈനംദിന പ്രവൃത്തികള്‍ ചെയ്യാനാവശ്യമായ ഊര്‍ജം സംഭരിക്കാന്‍ ഉതകുന്ന ഭക്ഷണ പാനീയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം, പോഷക ഘടകങ്ങളുള്ള സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. ചൂടുകാലമായതിനാല്‍ സാധാരണയിലേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കുകയും വേണം.
സൂര്യോദയത്തിന് മുന്‍പുള്ള ഭക്ഷണം
ഒരു കാരണവശാലും പുലര്‍ച്ചെ (സൂര്യോദയത്തിന് മുന്‍പുള്ളത്) ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കരുത്. പകല്‍ മുഴുനീളെ നോമ്പെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വലിയ അളവ് ഊര്‍ജം ആവശ്യമാണ്. ഇതിനായി ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. കൂടാതെ പഴങ്ങളും പച്ചക്കറികളും വെള്ളവും ഉറപ്പുവരുത്തുകയും വേണം.
ധാരാളം വെള്ളം
സൂര്യാസ്തമയ ശേഷം മുതല്‍ സൂര്യോദയം വരെയുള്ള കാലയളവില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ക്ഷീണമകറ്റി ഉണര്‍വ്വും ഉന്‍മേഷവും ഊര്‍ജവും പ്രദാനം ചെയ്യാന്‍ വെള്ളം അത്യന്താപേക്ഷിതമാണ്. വിവിധ ജ്യൂസുകളും ഉള്‍പ്പെടുത്താം.
നോമ്പുതുറ നേരത്ത് ശ്രദ്ധിക്കേണ്ടത്
നോമ്പുതുറ സമയത്ത് ഹെവിയായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരയ്ക്ക കഴിച്ചും വെള്ളം കുടിച്ചും നോമ്പ് തുറന്ന ശേഷം ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക, തുടര്‍ന്ന് ഒരു ഇടവേളയെടുത്ത ശേഷം മാത്രം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് വയറിന്റെ ദഹന നിലയ്ക്ക് ഗുണകരമാവുക. രാത്രിയില്‍ ഇടവേളകള്‍ എടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗങ്ങളുള്ളവരുടെ ഉപവാസം
രോഗങ്ങളുള്ളവര്‍ ഉപവസിക്കുന്നതിന് മുന്നോടിയായി ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം തേടണം. മരുന്ന് കഴിക്കുന്നത് സംബന്ധിച്ചടക്കം കൃത്യമായ ധാരണ ഉണ്ടാക്കണം. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ അതീവ ജാഗ്രതയോടെ കരുതല്‍ എടുക്കണം.
രുചികള്‍ നിയന്ത്രിക്കാം
ഉപ്പ്, മധുരം, എരിവ്, പുളി, എണ്ണ എന്നിവ അധികമുള്ള ഭക്ഷണം ഒഴിവാക്കുക. ഇവ സാധാരണ നിലയില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ വയറില്‍ അസ്വസ്ഥതയുണ്ടാക്കി ദഹനം താറുമാറാക്കാം. നാരടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ദഹന വ്യവസ്ഥയ്ക്ക് ഗുണകരമാകും.
പഴവര്‍ഗങ്ങള്‍ നിര്‍ബന്ധം
പഴങ്ങളും പച്ചക്കറികളും ഉപവാസസമയത്ത് അവശ്യ വസ്തുക്കളാണ്. വിവിധ വിറ്റാമിനുകളും ധാതുക്കളും ഉറപ്പുവരുത്താനും ഊര്‍ജം പ്രദാനം ചെയ്യാനും ഇവ സഹായിക്കും. കൂടാതെ ദഹനത്തിന് ഗുണകരമാവുകയും ചെയ്യുന്നു.
മത്സ്യ മാംസാദികള്‍
ചിക്കന്‍, മത്സ്യം, പാലുത്പന്നങ്ങള്‍ എന്നിവ കാത്സ്യം, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. ശരീര കോശങ്ങളുടെ പോഷണത്തിനും പുനര്‍നിര്‍മ്മാണത്തിനും ഇവ അനിവാര്യമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവ ഉതകുന്നു.
ഇതിലൂടെ അസ്ഥികള്‍ ബലപ്പെടുകയും ചെയ്യും. അതേസമയം എണ്ണയില്‍ വറുത്തെടുത്ത ശേഷം അധിക അളവില്‍ അത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്ന് ഓര്‍ക്കണം.








