
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രസാദസദ്യ കഴിച്ച വയോധികൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി സ്വദേശി വിജയൻ (70) ആണ് മരിച്ചത്. സദ്യ കഴിച്ച മുന്നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് വിജയൻ അന്തരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് സംഭവം ഗൗരവമായത്. മട്ടന്നൂർ കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
സദ്യ കഴിച്ച കുട്ടികളടക്കം മുന്നൂറിലധികം പേർ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരിലെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സദ്യയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
The post മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു appeared first on Express Kerala.







