
ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനത്തിൽ ആരാധകർക്ക് ആവേശമായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. ‘രാക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. മുട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളുമായി മനുഷ്യനും മൃഗവും ചേർന്ന ഒരു വിചിത്ര രൂപമായാണ് താരം എത്തുന്നത്. ‘പുഷ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം അല്ലു അർജുൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
സൺ പിക്ചേഴ്സ് വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ‘രാക്ക’ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ എന്റർടൈനറായാണ് ഒരുങ്ങുന്നത്. ‘ജവാൻ’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽക്കേ ഇതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുമ്പോൾ സാങ്കേതിക വിദ്യയിലും കഥ പറച്ചിലിലും പുതിയൊരു സിനിമാ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ഈ സിനിമയിൽ അല്ലു അർജുൻ ഒരു സൂപ്പർഹീറോ പരിവേഷത്തിലായിരിക്കും എത്തുക എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രമായ ‘രാക്ക’ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജാ റാണി മുതൽ ജവാൻ വരെയുള്ള ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അറ്റ്‌ലിയുടെ ആറാമത്തെ ചിത്രമാണിത്. പോസ്റ്റർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പിആർഒ. പുഷ്പ 2-വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
The post അറ്റ്‌ലി ചിത്രത്തിന് പേരിട്ടു; ‘രാക്ക’; അല്ലു അർജുന്റെ ജന്മദിനത്തിൽ ഞെട്ടിക്കുന്ന പോസ്റ്റർ പുറത്ത്! appeared first on Express Kerala.









