എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിക്കുകയും അതിന് തീപിടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുണ്ട്. സാങ്കേതികത്തകരാറുകള്‍, അമിത ഉപയോഗം, അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവ അതില്‍ പ്രധാനമാണ്. എങ്ങനെയെല്ലാമാണ് എസി അപകടകരമായ രീതിയിലേക്ക് വഴിമാറുന്നതെന്ന് നോക്കാം (AC Maintenance).
വേനല്‍ കാലത്ത് എസി യൂണിറ്റിന്റെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നിര്‍ണായകമാണ്. എളുപ്പമാര്‍ഗങ്ങളിലൂടെ വീട്ടിലെ എസിയുടെ സുഗമമായ പ്രവര്‍ത്തനം നിങ്ങള്‍ക്ക് തന്നെ ഉറപ്പാക്കാനാകും. അതിലൂടെ എസിയുടെ പ്രകടനവും ആയുസ്സും വര്‍ധിപ്പിക്കാനും പണച്ചെലവ് കുറയ്ക്കാനുമാകും.
- കാലഹരണപ്പെടുന്ന വയറിങ്ങ്
തെറ്റായതോ കാലഹരണപ്പെട്ടതോ ആയ വയറിങ്ങ് ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ക്ക് കാരണമാകും. ഇത് തീപ്പൊരികളും തീപിടിത്തങ്ങളും സൃഷ്ടിച്ചേക്കാം. കാലക്രമേണ വയറുകള്‍ പൊട്ടുകയോ തുരുമ്പെടുക്കുകയോ ചെയ്യാം. ഇത് വൈദ്യുത തകരാറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വയറിങ്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
- അമിത വൈദ്യുത പ്രവാഹം
ഓവര്‍ലോഡ് സര്‍ക്യൂട്ടിലേക്ക് ഒരു എസി യൂണിറ്റ് ഘടിപ്പിക്കുന്നത് അമിതമായ വൈദ്യുത പ്രവാഹത്തിന് കാരണമാകും, ഇതുമൂലം യന്ത്രഭാഗങ്ങള്‍ ചൂടാവുകയും തീപിടിത്തം ഉണ്ടാവുകയും ചെയ്യാം. വൈദ്യുതപ്രവാഹ നിയന്ത്രണശേഷി കുറവുള്ള പഴയ കെട്ടിടങ്ങളില്‍ ഇത് സംഭവിക്കാറുണ്ട് (Air Conditioner Tips).
- കപ്പാസിറ്റര്‍ പ്രശ്‌നങ്ങള്‍
കംപ്രസ്സറും ഫാന്‍ മോട്ടോറും സ്റ്റാര്‍ട്ട് ചെയ്യാന്‍ കപ്പാസിറ്റര്‍ സഹായിക്കുന്നു. അത് തകരാറിലായാല്‍,അമിതമായി ചൂടാവുകയും തീപിടിത്തത്തിന് കാരണമാവുകയും ചെയ്യും. പതിവ് പരിശോധനയും അറ്റകുറ്റപ്പണികളും കപ്പാസിറ്റര്‍ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
- അഴുക്കും അവശിഷ്ടങ്ങളും
ഫില്‍ട്ടറുകളിലും കോയിലുകളിലും അടിഞ്ഞുകൂടുന്ന അഴുക്കും അവശിഷ്ടങ്ങളും എസി യൂണിറ്റ് അമിതമായി ചൂടാകാന്‍ കാരണമാകും. യൂണിറ്റ് യഥാസമയം ഓഫ് ചെയ്തില്ലെങ്കില്‍ അമിതമായി ചൂടാകുന്നത് തീപിടിത്തത്തിന് കാരണമാകും. ശരിയായ വായുസഞ്ചാരവും തണുപ്പിക്കല്‍ കാര്യക്ഷമതയും നിലനിര്‍ത്തുന്നതിന് പതിവായി വൃത്തിയാക്കല്‍ അത്യാവശ്യമാണ്.
എസി ഫില്‍ട്ടറുകള്‍, കണ്ടന്‍സര്‍ കോയിലുകള്‍, ഔട്ട് ഡോര്‍ യൂണിറ്റിലെ ഫിനുകള്‍, ഡ്രെയിനേജ് ലൈന്‍, ഇവൊപൊറേറ്റര്‍ കോയില്‍, റഫ്രിജന്റ് ലൈനുകള്‍ എന്നിവ വൃത്തിയോടെയാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്. വൈദ്യുതബന്ധം വിഛേദിച്ച ശേഷം വേണം തുറന്ന് പരിശോധിക്കാന്‍. അല്ലെങ്കില്‍ ഒരു എസി മെക്കാനിക്കിന്റെ സഹായം തേടാം.
- ഡ്രെയിനേജ് ലൈനുകളിലെ ബ്ലോക്ക്
അടഞ്ഞ ഡ്രെയിനേജ് ലൈനുകള്‍ എസിയുടെ സുഗമമായ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ഷോര്‍ട്ട് ആകുന്നതിനും തീപിടിത്തമുണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും. ഡ്രെയിനേജ് ലൈനുകളുടെ കൃത്യത ഉറപ്പാക്കുന്നത് വെള്ളവുമായി ബന്ധപ്പെട്ട് വൈദ്യുത പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.
- കൈകാര്യത്തിലെ വീഴ്ച
എസിയിലെ റഫ്രിജറന്റുകള്‍ പലപ്പോഴും തീപിടിത്തത്തിന് കാരണമാകും. ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതിനാലോ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലോ ഇത് സംഭവിക്കാം. സുരക്ഷ ഉറപ്പാക്കാന്‍ ടെക്നീഷ്യന്റെ സഹായം തേടാം.
- പ്രതിപ്രവര്‍ത്തനങ്ങള്‍
ചില റഫ്രിജറന്റുകള്‍ മറ്റ് വസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് തീപിടിത്തത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അപകടകരമായ സാഹചര്യങ്ങള്‍ തടയുന്നതിന് തുടര്‍ച്ചയായ പരിശോധനകളും അറ്റകുറ്റപ്പണികളും ആവശ്യമാണ്.
- അമിതമായി ചൂടാകല്‍
ഇടവേളകളില്ലാതെ എസി യൂണിറ്റ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നത് അത് അമിതമായി ചൂടാകാന്‍ കാരണമാകും. ഇത് തീപിടിത്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നു, പ്രത്യേകിച്ചും യൂണിറ്റ് വൃത്തിയാക്കുകയോ അതില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്തിട്ടില്ലെങ്കില്‍.
Also Read: വീട്ടില്‍വച്ച് നിങ്ങള്‍ക്കുതന്നെ എസി വൃത്തിയാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
- വെന്റുകളിലെ തടസങ്ങള്‍
അടഞ്ഞ വെന്റുകള്‍ കാരണം വായുപ്രവാഹം നിയന്ത്രിക്കപ്പെടും. ഇത് യൂണിറ്റ് അമിതമായി ചൂടാകാന്‍ കാരണമാകും. കാര്യക്ഷമവും സുരക്ഷിതവുമായ പ്രവര്‍ത്തനത്തിന് ശരിയായ വായുപ്രവാഹം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
- രൂപകല്‍പ്പനയിലെ പ്രശ്‌നങ്ങള്‍
നിര്‍മ്മാണത്തിലെ പിഴവുകള്‍ കംപ്രസ്സറുകള്‍, ഫാനുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയ നിര്‍ണായക ഘടകങ്ങള്‍ തകരാറിലാകാന്‍ കാരണമാകും. ഇത് തീപിടിത്തങ്ങളിലേക്കോ സ്ഫോടനങ്ങളിലേക്കോ നയിച്ചേക്കാം. നിര്‍മ്മാണ സമയത്ത് നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.







