
തിരുവനന്തപുരം: സ്വിഷ് ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ കോര്‍ട്ടുകളില്‍ സംഘടിപ്പിച്ച പ്രഥമ ‘സ്വിഷ് പ്രൈസ് മണി ഓള്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് സമാപനം.

വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മുന്‍ അന്താരാഷ്‌ട്ര താരങ്ങളും വെറ്ററന്‍ താരങ്ങളും അണിനിരന്ന ഈ കായിക മാമാങ്കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ടീമുകള്‍ പങ്കെടുത്തു.
ഞായറാഴ്ച രാത്രി വൈകി നടന്ന 40+ പുരുഷ വിഭാഗം ഫൈനലില്‍, മുന്‍ അന്താരാഷ്‌ട്ര താരങ്ങളായ വിനീത് രവി മാത്യു, ഹരീഷ് കോരത്ത് (ഐ.ഒ.ബി ചെന്നൈ), മോനിഷ് വില്‍സണ്‍, മനോജ് ആര്‍ (കസ്റ്റംസ് കൊച്ചി) എന്നിവരടങ്ങിയ ജോസ്‌കോ കേരള കൊമ്പന്‍സ് 49-29 എന്ന സ്‌കോറിന് ചെന്നൈയിലെ ‘എക്‌സ്യുബറന്റിനെ’ തകര്‍ത്ത് കിരീടം സ്വന്തമാക്കി. 30+ പുരുഷ വിഭാഗത്തില്‍ ബാംഗ്ലൂര്‍ വാരിയേഴ്‌സിനെ (52-40) പരാജയപ്പെടുത്തി കൊച്ചിയില്‍ നിന്നുള്ള റോഷന്‍ 7 സ്റ്റാര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.

കൊച്ചിയില്‍ നിന്നുള്ള തെബാസ്‌കോ തേവര രണ്ട് വിഭാഗങ്ങളില്‍ ജേതാക്കളായി. പുരുഷന്മാരുടെ 55+ വിഭാഗത്തിലും വനിതകളുടെ 30+ വിഭാഗത്തിലും അവര്‍ കിരീടം ചൂടി. എന്നാല്‍ വനിതകളുടെ 40+ വിഭാഗം ഫൈനലില്‍ വാരിയേഴ്‌സിനോട് (33-17) പരാജയപ്പെട്ടതോടെ അവര്‍ക്ക് ട്രിപ്പിള്‍ കിരീടം നഷ്ടമായി. കേരള പൊലീസിലെ മുന്‍ താരങ്ങളാണ് വാരിയേഴ്‌സിനായി അണിന
രന്നത്.







