കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.









