
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത പരാജയം. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച സുവേന്ദു അധികാരി, ഇത്തവണ ആ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു അട്ടിമറി വിജയം നേടിയത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ ഏറ്റവും സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു ബംഗാൾ രാഷ്ട്രീയത്തിൽ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു.
ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 200-ലേറെ സീറ്റുകളിൽ ബിജെപി മുന്നേറുന്ന വേളയിൽ, മമതയുടെ ഈ വ്യക്തിപരമായ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി മാറി. മമത ബാനർജി താമസിക്കുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയ മണ്ണാണ്. തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ തികച്ചും ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ സുവേന്ദുവിനായിരുന്നു മുൻതൂക്കം. എന്നാൽ ഏഴാം റൗണ്ട് എത്തിയപ്പോഴേക്കും മമത ശക്തമായി തിരിച്ചുവരികയും 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു.
Also Read; ബംഗാളിൽ താമര വിരിഞ്ഞു; അക്രമവും പ്രീണനവും തള്ളി ജനങ്ങൾ വികസനത്തിനൊപ്പം നിന്നുവെന്ന് നരേന്ദ്ര മോദി
എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. വൈകുന്നേരം 6:30 ഓടെ മമതയുടെ ലീഡ് വെറും 2,900 ആയി കുറഞ്ഞു. രാത്രി ഒൻപത് മണിക്ക് 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തി. ഒടുവിൽ അവസാന ഫലം പുറത്തുവന്നപ്പോൾ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിലെ വോട്ടർമാർ തങ്ങളുടെ മുഖ്യമന്ത്രിയെ കൈവിട്ടത് തൃണമൂൽ ക്യാമ്പിനെ കനത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. ആർ.ജി. കർ മെഡിക്കൽ കോളേജ് സംഭവത്തെ തുടർന്നുണ്ടായ ജനരോഷം മമതയുടെ സ്ത്രീ സുരക്ഷാ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു.
ഇതിനുപുറമെ മണ്ഡല പുനർനിർണ്ണയ പ്രക്രിയയും ഭവാനിപൂരിലെ വോട്ടെടുപ്പിൽ നിർണ്ണായകമായി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുൻപ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപി പാളയത്തിലെത്തിയ ശേഷം തുടർച്ചയായി മമതയെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തുന്നത് ബംഗാൾ രാഷ്ട്രീയത്തിലെ പുതിയ അധികാര മാറ്റത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറാൻ പോവുകയാണ്. ഈ ചരിത്ര വിജയം ബിജെപിക്ക് കിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ വലിയ രീതിയിൽ സഹായകമാകും.
The post 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദുവിന് ജയം; ബംഗാൾ രാഷ്ട്രീയത്തിൽ മമത യുഗത്തിന് അന്ത്യം appeared first on Express Kerala.









