
യു.ഡി.എഫ് തരംഗത്തില്‍ സി.പി.എം കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോഴും ബേപ്പൂരില്‍ വിജയിക്കാന്‍ കഴിയാഞ്ഞത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രി മുഹമ്മദ് റിയാസ് 7487 വോട്ടിന് വിജയിക്കുകയായിരുന്നു. അന്‍വറിന് പകരം കോണ്‍ഗ്രസ് നേതാവ് ആദം മുള്‍സി മത്സരിച്ചിരുന്നെങ്കില്‍ ബേപ്പൂരിലും അട്ടിമറി വിജയം നേടാമായിരുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നത്. 2011ല്‍ ബേപ്പൂരില്‍ എളമരം കരീമിന്റെ ഭൂരിപക്ഷം 5316 വോട്ടിലേക്ക് കുറച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ആദം മുള്‍സിയായിരുന്നു. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ബേപ്പൂര്‍ മാത്രമാണ് യു.ഡി.എഫിന് നഷ്ടമായത്. കണ്ണൂരില്‍ സി.പി.എം അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച പയ്യന്നൂരടക്കം അട്ടിമറി വിജയം നേടിയപ്പോഴാണ് അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ബേപ്പൂര്‍ കൈവിട്ടത്.
മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ തവണ 28747 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയമാണ് ബേപ്പൂരില്‍ നേടിയത്. ഇടതുപക്ഷ സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച പി.വി അന്‍വര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് തടയാനുള്ള പോലീസ് നടപടിയിലടക്കം വിമര്‍ശനം ഉന്നയിച്ചാണ് ഇടതുബന്ധം ഉപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ചത്. 2025ല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ മത്സരിപ്പിച്ചാലേ പിന്തുണ നല്‍കൂ എന്ന് പറഞ്ഞ് അന്‍വര്‍ ഇടഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അന്‍വറിന് പോയി പണിനോക്കാമെന്ന് തിരിച്ചടിച്ചു. ഇതോടെ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിച്ച അന്‍വറിന് 19760 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
2016ലും 2021ലും നിലമ്പൂര്‍ എം.എല്‍.എയായ അന്‍വര്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് മത്സരിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍പോലുമായില്ല. ആര്യാടന്‍ ഷൗക്കത്ത് 11077 വോട്ടുമായി നിയമസഭയിലേക്കു പോയി. ഇതോടെയാണ് ബേപ്പൂരില്‍ റിസായിനെതിരെ മത്സരിക്കാമെന്ന പ്രഖ്യാപനവുമായി അന്‍വര്‍ രംഗത്തെത്തിയത്. നേരത്തെ തിരുവമ്പാടി, തവനൂര്‍ സീറ്റടക്കം മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട അന്‍വര്‍ ബേപ്പൂര്‍ സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. ഇതോടെയാണ് യു.ഡി.എഫ് നേതൃത്വം അന്‍വറിനെ ബേപ്പൂരില്‍ മത്സരിപ്പിച്ചത്. പ്രചരണത്തിന്റെ തുടക്കം മുതല്‍ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലിയാണ് അന്‍വര്‍ സ്വീകരിച്ചത്. മരുമോനിസം പറഞ്ഞ് പരിധിവിട്ട കടന്നാക്രമണമായിരുന്നു. എന്നാല്‍ അന്‍വറിന്റെ ആക്ഷേപങ്ങളോട് മറുപടി നല്‍കാതെ മാന്യമായ പ്രചരണമാണ് റിയാസ് നടത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷത്തെ റിയാസിന്റെ പ്രവര്‍ത്തനം വോട്ടായി മാറി.
അന്‍വറിന്റെ വിശ്വാസ്യതയില്ലായ്മ ജനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 2011ല്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ച് രണ്ടാമതെത്തിയ അന്‍വര്‍ 2014 വയനാട്ടില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ വിജയസാധ്യതയും തകര്‍ത്തിരുന്നു. പിന്നീട് 2016ല്‍ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്രനായാണ് രംഗത്തെത്തിയത്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2019തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി പിടിക്കാനെന്ന് പറഞ്ഞ് പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ജയിച്ചാലും തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ ഇ.ടി മുഹമ്മദ് ബഷീറിനോട് രണ്ട്‌ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന വാക്ക് അന്‍വര്‍ വിഴുങ്ങി. കക്കാടംപൊയിലില്‍ മലയിടിച്ച് പണിത വാട്ടര്‍തീം പാര്‍ക്ക് നിയമനടപടിയില്‍ അടച്ച് പൂട്ടിയതും. കാട്ടരുവിയില്‍ അനധികൃതമായി കെട്ടിയ തടയണ പൊളിച്ചതെല്ലാം അന്‍വറിന് തിരിച്ചടിയായിരുന്നു. ഒടുവില്‍ ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ അന്‍വര്‍ 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ തലേന്നാണ് കേരളത്തിലെത്തിയത്. വി.വി പ്രകാശിനെതിരെ 2700 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് അന്‍വറിന് ലഭിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ മന്ത്രി സ്ഥാനം മോഹിച്ചിരുന്നെങ്കിലും താനൂരില്‍ നിന്നും വിജയിച്ച വി.അബ്ദുറഹിമാനെയാണ് മന്ത്രിയാക്കിയത്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിരോധ ചുമതല സ്വയം ഏറ്റെടുത്ത് സൈബര്‍ ഇടത്ത് കടന്നല്‍ രാജയായാണ് അന്‍വര്‍ പ്രത്യക്ഷപ്പെട്ടത്. കെ. റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഐ.ടി കമ്പനികളില്‍ നിന്നും 150 കോടി രൂപ കോഴ വാങ്ങിയെന്ന് നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പിതൃത്വം പരിശോധിക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിതൃതുല്യനാണെന്ന് പറഞ്ഞ അന്‍വര്‍ ഒടുവില്‍ പിണറായിയോട് ഇടഞ്ഞ് പിണറായിസത്തിനെതിരെ യുദ്ധ പ്രഖ്യാപനവുമായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അര പിണറായി എന്ന് വിളിച്ച് ആക്ഷേപിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യു.ഡി.എഫിന് കീഴടങ്ങി ബേപ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അന്‍വറിന്റെ വിശ്വാസ്യതയും വിടുവായത്തവും രാഷ്ട്രീയ കച്ചവടവും മുഹമ്മദ് റിയാസിന്റെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടപ്പോള്‍ ജനകീയ അംഗീകാരം റിയാസിന് ലഭിക്കുകയായിരുന്നു. ബേപ്പൂരിലെ പരാജയം അന്‍വറിന് രാഷ്ട്രീയമായ തിരിച്ചടിയാണ്.
തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് സി.പി.എം വിട്ടവരുടെ മുന്നണിയുണ്ടാക്കി വിജയിച്ചാല്‍ മന്ത്രി സ്ഥാനമാണ് അന്‍വര്‍ സ്വപ്‌നം കണ്ടത്. പരാജയത്തോടെ അന്‍വറിന്റെ മന്ത്രി പദമോഹവും അസ്തമിച്ചു. അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന്‍ അടക്കമുള്ളവരുടെ വിജയം അവര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടിന്റെ അംഗീകാരമാണ്. പക്ഷേ പിണറായിസമെന്നും മരുമോനിസവുമെന്ന അന്‍വര്‍ ഉയര്‍ത്തിയ നിലപാട് അന്‍വറിന്റെ തന്നെ വിശ്വാസ്യതയില്ലായ്മയില്‍ വോട്ടര്‍മാര്‍ തള്ളിക്കളയുകയായിരുന്നു. അതേ സമയം ഇടത് കോട്ടകളില്‍ പോലും പിണറായിസത്തിനെതിരെ യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞടിക്കുകയും ചെയ്തു.
The post യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം appeared first on Express Kerala.






