
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ റിലീസിനൊരുങ്ങുന്നു. ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷം എത്തുന്ന മൂന്നാം പതിപ്പിന്റെ അഡ്വാൻസ് ബുക്കിംഗിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ രണ്ടിൽ നിന്നും മാറ്റിവെച്ച ചിത്രം മെയ് 21-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും യു/എ (13+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഒഫീഷ്യൽ ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ പങ്കുവെച്ച രസകരമായ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ടിക്കറ്റെടുത്ത് ഒരു സിനിമ കാണാൻ പോകുന്നതെന്നാണ് താരം പറഞ്ഞത്. സാധാരണക്കാർ ടിക്കറ്റെടുത്ത് സിനിമ കാണാൻ തുടങ്ങുന്ന പ്രായമായ പതിനേഴാം വയസ്സിൽ തന്നെ താൻ സിനിമയിൽ എത്തിയതിനാലാണ് ഇത്രയും കാലം അതിന് സാധിക്കാതെ പോയതെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. മോഹൻലാലിന്റെയും സംവിധായകൻ ജീത്തു ജോസഫിന്റെയും ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ് തുടങ്ങി ദൃശ്യം പരമ്പരയിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. മെയ് മാസത്തിൽ ചിത്രം ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. കൂടാതെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
The post “ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ appeared first on Express Kerala.







