
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം ലഖ്‌നൗ 16.4 ഓവറില്‍ മറികടന്നു.
ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇന്നത്തെ വിജയം ഏറെ നിര്‍ണ്ണായകമായിരുന്നു. ചെന്നൈ 187 റൺസ് നേടിയപ്പോള്‍ 16.4 ഓവറിലാണ് ലക്നൗ ഈ സ്കോര്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 90 റൺസുമായി ടീമിന്റെ വിജയ ശില്പിയായി.
മിച്ചൽ മാര്‍ഷും ജോഷ് ഇംഗ്ലിസും വെടിക്കെട്ട് തുടക്കം ലക്നൗവിനായി നൽകിയപ്പോള്‍ മാര്‍ഷ് ആണ് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയത്. പവര്‍പ്ലേയിൽ 86 റൺസ് നേടിയ ഈ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 70 പന്തിൽ നിന്ന് 135 റൺസാണ് നേടിയത്.
എന്നാൽ 12ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഇംഗ്ലിസും മാര്‍ഷും പുറത്താകുകയായിരുന്നു. 32 പന്തിൽ 36 റൺസ് നേടിയ ഇംഗ്ലിസിനെ മുകേഷ് ചൗധരി പുറത്താക്കിയപ്പോള്‍ അടുത്ത പന്തിൽ 38 പന്തിൽ 90 റൺസ് നേടിയ മിച്ചൽ മാര്‍ഷ് റണ്ണൗട്ട് രൂപത്തിൽ പുറത്തായി. പൂരന്‍ അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് മുകേഷ് ചൗധരിയുടെ കൈയ്യിൽ തട്ടി വിക്കറ്റിൽ കൊള്ളുമ്പോള്‍ നോൺ സ്ട്രൈക്കര്‍ ക്രീസിന് വെളിയിലായിരുന്നു മിച്ചൽ മാര്‍ഷ്.
ഇരുവരും പുറത്തായ ശേഷം സമദിന്റെ വിക്കറ്റ് കൂടി ലക്നൗവിന് നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ നിക്കോളസ് പൂരന് സാധിച്ചു. 17 പന്തിൽ 32 റൺസാണ് പൂരന്‍ നേടിയത്.
ചെന്നൈ ബൗളിംഗിൽ അന്‍ഷുൽ കാംബോജിനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്. താരത്തിനെ മിച്ചൽ മാര്‍ഷ് ഒരോവറിൽ 4 സിക്സിന് പായിച്ചപ്പോള്‍ വിജയം നേടിയ ഓവറിൽ നിക്കോളസ് പൂരനും നാല് സിക്സുകള്‍ താരത്തിനെതിരെ നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ടോസ് ലഖ്‌നൗവിനായിരുന്നു. ചെന്നൈയെ ബാറ്റിങ്ങിന് വിട്ടു. ബാറ്റിങ് ദുഷ്‌കരമായ ലഖ്‌നൗവിലെ പിച്ചില്‍ ചെന്നൈയ്‌ക്കായി ഓപ്പണര്‍മാരായ സഞ്ജു സാംസണും(20) റുതുരാജ് ഗെയ്‌ക്ക്‌വാദും(13) ചേര്‍ന്ന് വളരെ പതുക്കെയാണ് തുടങ്ങിയത്. മത്സരം 7.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ ഇഴയുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച കാര്‍തിക് ശര്‍മ(71) ആണ് കടുത്ത പിച്ചില്‍ അത്ഭുതം കാട്ടിയത്. ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം കാര്‍ത്തിക് കത്തിക്കയറുകായയിരുന്നു. ഡിവാള്‍ഡ് ബ്രെവിസ്(25) കാര്‍ത്തിക്കിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ശിവം ദുബെയും(32) പ്രശാന്ത് വീറും(13) പുറത്താകാതെ നിന്ന് പൊരുതി പരമാവധി സംഭാവന ചെന്നൈ ഇന്നിങ്‌സിന് നല്‍കി.
ലഖ്‌നൗവിനായി ആകാഷ് മഹാരാജ് സിങ് മൂന്ന് വിക്കറ്റ് നേടി. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് ഷമിയും ഷഹ്ബാസ് അഹമ്മദും ഓരോ വിക്കറ്റ് നേടി.






