
കണ്ണൂർ: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത അഴിഞ്ഞാടിയെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കല്യാശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മതം നോക്കി വോട്ട് ചെയ്യാൻ മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ആഹ്വാനം ചെയ്തെന്നും, മതവും പള്ളിയും നോക്കി വോട്ട് ചെയ്യണമെന്ന് വ്യാപകമായ പ്രചാരണം നടന്നതായും അദ്ദേഹം ആരോപിച്ചു. പലയിടങ്ങളിലും സ്ട്രാറ്റജിക് വോട്ടിങ് നടന്നിട്ടുണ്ടെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
പേരാവൂർ മണ്ഡലത്തിലെ വോട്ടിങ് നിലയെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചു. ബി.ജെ.പിക്ക് ലഭിക്കേണ്ട പതിനായിരത്തോളം വോട്ടുകൾ സണ്ണി ജോസഫിന്റെ പെട്ടിയിലേക്കാണ് പോയത്. ബി.ജെ.പിയുടെ താമരത്താങ്ങ് ലഭിച്ചതുകൊണ്ടാണ് സണ്ണി ജോസഫ് വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ വർഗീയ ഇടപെടലുകൾ വലിയ തോതിൽ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ പോലും ചോദിച്ചു! സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം
അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എമ്മിനുള്ളിൽ വിമർശനങ്ങൾ ശക്തമാവുകയാണ്. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ നിഷ്പക്ഷ വോട്ടർമാരെ അകറ്റാൻ കാരണമായെന്നും, വെള്ളാപ്പള്ളി നടേശനെ ശക്തമായ ഭാഷയിൽ തള്ളിപ്പറയാൻ നേതൃത്വം തയ്യാറാകാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
The post തിരഞ്ഞെടുപ്പിൽ വർഗീയത അഴിഞ്ഞാടിയെന്ന് കെ.കെ. രാഗേഷ്; ബിജെപി വോട്ട് സണ്ണി ജോസഫിന് ലഭിച്ചെന്ന് ആരോപണം appeared first on Express Kerala.







