ഗുരുവായൂര്‍: വിവാഹ രജിസ്‌ട്രേഷന്റെ പേര് പറഞ്ഞ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം തന്ത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ കയ്യേറുന്നു. ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ഗുരുവായൂരില്‍, വിവാഹ സംഘങ്ങളുടെ സൗകര്യത്തിന്റെ പേര് പറഞ്ഞാണ് ദേവസ്വം സ്ഥലത്ത് ഗുരുവായൂര്‍ നഗരസഭ രജിസ്‌ട്രേഷന്‍ കേന്ദ്രം പണിയുന്നത്. ക്ഷേത്രപരിസരത്ത് ഗുരുവായൂര്‍ ദേവസ്വം വൈജയന്തി ബില്‍ഡിങ്ങിലാണ് നഗരസഭയുടെ വിവാഹ രജിസ്‌ട്രേഷന്‍ ആരംഭിയ്‌ക്കാന്‍ പോകുന്നത്.
ക്ഷേത്രനടയില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താനെന്ന പേരില്‍ ദേവസ്വം വക സ്ഥലം നഗരസഭ സൂത്രത്തില്‍ കയ്യേറുകയാണ്. കെ സ്മാര്‍ട്ട് സംവിധാനം നിലവില്‍ വന്നിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. വീട്ടിലിരുന്നുപോലും റജിസ്‌ട്രേഷന്‍ ചെയ്യാവുന്ന സാങ്കേതിക വളര്‍ച്ച പ്രാപിച്ചിട്ടും, പൊതുജനത്തിന്റെ സൗകര്യം പറഞ്ഞാണ് നഗരസഭ ദേവസ്വം വക സ്ഥലം സ്വന്തമാക്കുന്നത്. 300 ലേറെ വിവാഹങ്ങള്‍ ക്ഷേത്രനടയില്‍ നടന്ന സമയത്തുപോലും രണ്ട് പേര്‍ മാത്രമാണ് രജിസ്‌ട്രേഷനുവേണ്ടി നഗരസഭയിലെത്തിയതെന്ന വസ്തുത നഗരസഭ ബോധപൂര്‍വ്വം മറച്ചുപിടിച്ചു.
കെ സ്മാര്‍ട്ട് വഴി ഓഫീസില്‍ എത്താതെ തന്നെ രജിസ്ട്രേഷന് സൗകര്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന മന്ത്രി രാജേഷാണ് കേന്ദ്രത്തിന്റെ ഉദ്ഘാടകന്‍. 450 ചതുരശ്ര അടിയുള്ള മുറി 17 ലക്ഷം രൂപ ധൂര്‍ത്തടിച്ചാണ് നഗരസഭ നവീകരിച്ചത്. 650 ചതുരശ്ര അടിയുള്ള വീട് നിര്‍മിക്കാന്‍ പാവപ്പെട്ടവന് നാല് ലക്ഷം മാത്രം നല്‍കുമ്പോഴാണ് നഗരസഭയുടെ ഈ ധൂര്‍ത്ത്.
വെള്ളിയാഴ്‌ച്ച വൈകിട്ട് 4ന് മന്ത്രി എം.ബി. രാജേഷ് രജിസ്‌ട്രേഷന്‍ കേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിയ്‌ക്കും. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ അദ്ധ്യക്ഷത വഹിയ്‌ക്കുന്ന ഉദ്ഘാടന മഹാമഹത്തില്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ മുഖ്യാതിഥിയാകും.