തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.’ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും’എന്ന വിഷയത്തിലാണ് ത്രിദിന അന്തര്‍ദേശീയസെമിനാര്‍. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പിനെ തള്ളിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തുന്നത്.
സെനറ്റ് ഹാളില്‍ രാവിലെ 11.30ന് ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനാകും. തിരുപ്പതി വെങ്കിടേശ്വര വേദിക് സര്‍വകലാശാല വിസി പ്രൊഫ. റാണി സദാശിവ മൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ മിശ്ര വിശിഷ്ടാതിഥിയാകും.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സാഹിത്യ വിഭാഗം മുന്‍ മേധാവിയും കാന്തള്ളൂര്‍ ശാല ഡയറക്ടറുമായ ഡോ.പി.സി.മുരളീമാധവന്‍, സിന്‍ഡിക്കേറ്റ് അംഗം ഗോപകുമാര്‍, സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഒമ്പത് പ്ലീനറി സെഷനുകളിലും ഒമ്പത് പാരലല്‍ സെഷനുകളിലുമായി വിദേശങ്ങളിലെയടക്കം പ്രമുഖര്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
അവസാന ദിവസമായ 19ന് ഉച്ചയ്‌ക്ക് 1.30ന് കൊയിലാണ്ടി ഭാസ അക്കാദമി ഡയറക്ടറും സംസ്‌കൃത നാടക സംവിധായകനുമായ എം.കെ. സുരേഷ് ബാബുവിന്റെ കര്‍ണ്ണഭാരം എന്ന സംസ്‌കൃത ഏകപാത്രാഭിനയം ഉണ്ടായിരിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.കെ. ഗീതാകുമാരി മുഖ്യാതിഥിയാകും. ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. എ.എം. ഉണ്ണികൃഷ്ണന്‍, ശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ പ്രൊഫ. അച്യുത്ശങ്കര്‍ എസ്. നായര്‍, സെമിനാര്‍ കണ്‍വീനര്‍ സംസ്‌കൃത വിഭാഗം മേധാവി പ്രൊഫ. സി.എന്‍. വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.