തൃശൂര്‍: അതിരപ്പിള്ളിയിലും പാലപ്പിള്ളിയിലും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലിറങ്ങിയതോടെ ജനം പരിഭ്രാന്തിയിലായി.അതിരപ്പിള്ളിയില്‍ കാട്ടാനയും പാലപ്പിള്ളിയില്‍ കടുവയും കാട്ടാനക്കൂട്ടവുമാണിറങ്ങിയത്.
അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാനയാണ് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലെത്തിയത്.
എണ്ണപ്പനയില്‍നിന്ന് പട്ട തിന്ന ആനയെ പൊലീസുകാര്‍ ശബ്ദമുണ്ടാക്കി കാട്ടിലേക്ക് കയറ്റിവിട്ടു.
പാലപ്പിള്ളിയില്‍ ജനവാസമേഖലയില്‍ രാത്രി കടുവയിറങ്ങി. കെഎഫ്ആര്‍ഐക്ക് സമീപമാണ് കടുവയെ കണ്ടത്. റോഡു മുറിച്ചു കടന്ന് കശുമാവിന്‍ തോട്ടത്തിലേക്ക് കടുവ ചാടിയതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പാലപ്പിള്ളി പുലിക്കണ്ണിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തി. വാഴകളും തെങ്ങുകളും കവുങ്ങും നശിപ്പിച്ചു. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികള്‍ പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചു വിടുകയായിരുന്നു.