കൊച്ചി: മുളന്തുരുത്തി മാർത്തോമൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുളന്തുരുത്തി സ്വദേശികളായ ഏബൽ ലെജി(27), ബിജു കെ പി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിന് പുറമെ കണ്ടാൽ അറിയാവുന്ന 32 പേർക്കെതിരെയും കേസെടുക്കുകയും ചെയ്തു. മുളന്തുരുത്തി മാർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ കയ്യാങ്കളിക്കിടെയാണ് പോലീസുകാർക്ക് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നുപോകുമ്പോൾ ഓർത്തഡോക്സ് പള്ളിക്കകത്ത് നിന്നും വാദ്യ മേളമടക്കം ശബ്ദം ഉണ്ടാക്കിയതാണ് പ്രശ്നത്തിന്റെ കാരണം.
ഇത് നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ട് എത്തിയ പോലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റവും മർദ്ദനവും ഉണ്ടായത്. മുളന്തുരുത്തി സി ഐ അടക്കം മൂന്ന് പോലീസുകാർക്കാണ് പരിക്കേറ്റത്.