തിരുവനന്തപുരം: വിശ്വകര്‍മ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകര്‍മ്മ ഉച്ചകോടി തിരുവനന്തപുരം വൈഡബ്ല്യൂസിഎ ഹാളില്‍ ചേരും. സെമിനാര്‍ പൊതുസമ്മേളനം, മെഗാഷോ അനുമോദനങ്ങള്‍, പുരസ്‌കാര വിതരണം തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയാകും.
ഒരു മന്ത്രിയോ എംപിയോ വിശ്വകര്‍മ്മസമുദായത്തിന് ലഭിക്കാക്കത് അടക്കമുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൂടാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ എന്ത് നിലപാട് എടുക്കണമെന്നതും സമ്മേളനം ചര്‍ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ‘വിശ്വകര്‍മ്മജരും രാഷ്‌ട്രീയാധികാരവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. ഐക്യവേദി കണ്‍വീനര്‍ ടി.കെ. സോമശേഖരന്‍ വിഷയം അവതരിപ്പിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. ഉണ്ണികൃഷ്ണന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഉച്ചകോടി സമ്മേളനത്തില്‍ ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വകര്‍മ്മ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വിവിധ സമ്മേളനങ്ങളിലായി ഐക്യവേദി രക്ഷാധികാരി പി.എസ്. ചന്ദ്രന്‍, ചെയര്‍മാന്‍ ഡോ. ബി. രാധാകൃഷ്ണന്‍, ഖജാന്‍ജി, കെ.എം.രഘു, ഓര്‍സനൈസിങ് കണ്‍വീനര്‍ വിഷ്ണുഹരി, വൈസ് ചെയര്‍മാന്മാരായ കെ. കെ.വേണു, കണ്‍വീനര്‍മാരായ വിജയകുമാര്‍ മേല്‍വട്ടൂര്‍, സജീവന്‍ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ കുല ശ്രേഷ്ഠാ പുരസ്‌കാരങ്ങള്‍, പ്രതിഭ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും.