ഇടുക്കി : കട്ടപ്പനയില്‍ നിക്ഷേപകന്‍ ബാങ്കിനു മുമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.
സാബുവിന്റെ ബന്ധുക്കള്‍, ആരോപണ വിധേയരായ ബാങ്ക് ജീവനക്കാര്‍, സി പി എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജി എന്നിവരുടെയെല്ലാം മൊഴിയെടുക്കും. ബാങ്ക് ജീവനക്കാര്‍, സി പി എം മുന്‍ ഏരിയാ സെക്രട്ടറി വി ആര്‍ സജി എന്നിവരില്‍ നിന്നും ദുരനുഭവമുണ്ടായതായി മേരിക്കുട്ടി പോലീസിനെ അറിയിച്ചിരുന്നു.
അതേ സമയം സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് വി ആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു.
താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്നുമാണ് സാബുവിനെ ഭീഷണിപ്പെടുത്തിയത്.
പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.