തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. പുനരധിവാസത്തിനുള്ള കരട് പദ്ധതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി യോഗത്തില്‍ അവതരിപ്പിച്ചു.വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പ് സംബന്ധിച്ചും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗം ചര്‍ച്ച ചെയ്തു.വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതിനിടെ, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തയാറാക്കിയ പട്ടികയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ല. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി.
നാലര മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടികയാണ് പുറത്തിറങ്ങിയത്. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ തയാറാക്കിയ പട്ടികയില്‍ അടിമുടി പിഴവാണെന്നാണ് ആക്ഷേപം.