കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്‌ട്രീയ – സാംസ്കാരിക കേരളം.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്ടം വാക്കുകള്‍ക്ക് വിവരണാതീതമാണ്.എംടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക മേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ
മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടം ആണ്. മലയാള സാഹിത്യത്തിന് ഈ വിയോഗം താങ്ങാവുന്നതിൽ അപ്പുറമാണ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ സാഹിത്യകാരനെയാണ് നമുക്ക് നഷ്ടമാകുന്നത്.നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു എംടി. മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദം ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സാധാരണക്കാരന്റെ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. നിത്യ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങൾ നമ്മൾ ഒക്കെ തന്നെ ആയിരുന്നു. നമ്മുടെ വേദനകളും സന്തോഷങ്ങളും എല്ലാം ആണ് അദ്ദേഹം അക്ഷരങ്ങളിലൂടെ കോറിയിട്ടത്. റോഷി അഗസ്റ്റിൻ പറഞ്ഞു.
രമേശ് ചെന്നിത്തല
മലയാള സാഹിത്യത്തിൽ ഇതിഹാസമായിരുന്നു എം.ടി വാസുദേവൻനായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവർത്തിയായ രചനകളാണ് എം.ടിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ
ക്രിസ്മസ് രാത്രിയിലാണ് എം ടി മരിച്ചത്. അതിലൂടെ മനസിലാകുന്നത് അദ്ദേഹം നക്ഷത്രം ആയിരുന്നു എന്നാണ്. നക്ഷത്രം വഴികാട്ടിയാണ്. കാലത്തെ അനശ്വരനാക്കിയ കലാകാരന് എം ടി.മലയാളത്തിന്റെ ശബ്ദം,മലയാളം അക്ഷരങ്ങൾ ലോകത്തിനു മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്.
എം.വി ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)
മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം. എം.ടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു.നാലുകെട്ട് എന്ന ഒറ്റ നോവൽ കൊണ്ട് ചെറുപ്രായത്തിൽ പ്രശസ്തിയിലേക്ക് കടന്ന എം.ടി ഓർമ്മയായിരിക്കുന്നു. കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടി. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പാൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എം.ടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരിൽ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേർപാട് ഒരു തരത്തിലും നികത്താൻ പറ്റില്ല .-