ചെങ്ങന്നൂര്‍: കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ ബാലഗോകുലം സൃഷ്ടിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവിധ ലഹരികളെയും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നേതൃത്വം നല്‍കുന്ന സംവിധാനം കൊണ്ടുവരും. സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം തന്നെ കുട്ടികളെ ലഹരിവിരുദ്ധനിലപാടിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാ രീതിയിലും ശക്തരാക്കാനും ഇടപെടലുകള്‍ നടത്തും. മയക്കുമരുന്ന് അടക്കമുള്ള ലഹരികള്‍ സാംസ്‌കാരികരംഗത്തെയും യുവത്വത്തെയും നശിപ്പിക്കുന്ന വിധത്തില്‍ വളരുന്ന സാഹചര്യമാണ്. ഇതിനെതിരെ പോരാട്ടം ശക്തമാക്കണം. ഇത് അക്ഷരാര്‍ഥത്തില്‍ ഒരു സാംസ്‌കാരികപോരാട്ടം തന്നെയാണെന്നും ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.
സംസ്ഥാന വ്യാപകമായി സുവര്‍ണജയന്തി ഗ്രാമോത്സവങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമായി പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കും. ബാലസാഹിത്യകാരന്മാര്‍ക്കായി ജനുവരി 25, 26 തീയതികളില്‍ കലാമണ്ഡലത്തില്‍ സാഹിത്യശാല സംഘടിപ്പിക്കും.
യോഗത്തില്‍ ദക്ഷിണകേരളം അധ്യക്ഷന്‍ ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പൊതുകാര്യദര്‍ശി ബി.എസ്. ബിജു, സംഘടനാ കാര്യദര്‍ശി എ. രഞ്ചുകുമാര്‍, ഉപാധ്യക്ഷന്‍ ജി.സന്തോഷ്‌കുമാര്‍, സെക്രട്ടറി ആര്‍പി രാമനാഥന്‍, പി.അനില്‍കുമാര്‍, സി.വി.ശശികുമാര്‍, കെ.ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു.