സന: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് അനുമതി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി അനുമതി നല്കിയത്. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.
2017ലാണ് തലാല്‍ അബ്ദുമെഹ്ദി കൊല്ലപ്പെടുന്നത്. പിന്നാലെ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിക്കുകയായിരുന്നു. ഇതിനെതിരേ അപ്പീല്‍ നല്കിയെങ്കിലും യെമന്‍ സുപ്രീംകോടതിയും ഇതു ശരിവച്ചു. ഇതോടെ യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായി 19,871 ഡോളറിന്റെ ചെക്ക് ഭാരത വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകന് കൈമാറിയിരുന്നു. പിന്നീടു കഴിഞ്ഞ സപ്തംബറില്‍ ഭാരത എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുള്ള അമീര്‍ മുഖേന തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ചകള്‍ക്കു വീണ്ടും ശ്രമിച്ചു. എന്നാല്‍ രണ്ടാമതും മോചനദ്രവ്യം നല്കിയാലേ ചര്‍ച്ച ആരംഭിക്കൂവെന്ന നിലപാടായിരുന്നു തലാലിന്റെ ബന്ധുക്കള്‍ക്ക്. ഇതോടെ മോചനശ്രമം ഏകദേശം നിലച്ച സ്ഥിതിയായിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നല്കാതെ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല.
നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരിയെ യെമന്‍ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് അഞ്ചു മാസത്തോളമായി. സനായിലെ സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അവര്‍ തങ്ങുന്നത്.