തൃശൂര്‍: വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കല്യാണ്‍ സില്‍ക്സിന്റെ പേര് ചീത്തയാക്കരുതെന്ന് ഉടമകള്‍. കൊച്ചിയില്‍ ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്ക് 12500 സാരികളുടെ ഓര്‍ഡര്‍ ലഭിച്ചെന്നും അവ 390 രൂപ വീതം ഈടാക്കി വിതരണം ചെയ്തെന്നും കല്യാണ്‍ സില്‍ക്സ് പറഞ്ഞു.
പക്ഷെ പരിപാടി സംഘടിപ്പിക്കുന്ന മൃദംഗവിഷന്‍ ഒരു നര്‍ത്തകിയില്‍ നിന്നും 1600 രൂപ വീതം ഈടാക്കിയിരുന്നു. ഇതുവഴി മാത്രം സംഘാടകര്‍ പിരിച്ചെടുത്ത് 1.92 കോടി രൂപ. “സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണ്” – കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കലാരംഗത്തുള്ള പുത്തന്‍ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാണ്‍ സില്‍ക്സിന്റെ രീതിയാണെന്നും മാനേജ്‌മെന്‍റ് പറയുന്നു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കുകയും കുറഞ്ഞ വിലക്കുമാണ് നൽകിയത്. ഇതാണ് 1,600 രൂപയ്‌ക്ക് സംഘാടകര്‍ നല്‍കിയത്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ആവശ്യപ്പെട്ടു.