ശിവഗിരി: സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെ അധിക്ഷേപിച്ചും ഗുരുദേവ ദര്‍ശനത്തെ വക്രീകരിച്ചുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. വേദിയില്‍ത്തന്നെ മുഖ്യമന്ത്രിയെ തിരുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും.
ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും സനാതന ധര്‍മമെന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു പിണറായി വിജയന്റെ വാദം. ഗുരുദേവനെ സനാതന ധര്‍മത്തിന്റെ ചട്ടക്കൂടിലൊതുക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഗോത്ര വ്യവസ്ഥ പിന്‍വാങ്ങി വര്‍ണാശ്രമ വ്യവസ്ഥ വരുന്ന ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉത്പന്നം എന്നാണ് മഹാഭാരതത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സനാതന ധര്‍മത്തിന്റെ രാഷ്‌ട്രം എന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ് സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് പഴയ ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്ന് പിണറായി തിരുവിതാംകൂര്‍ രാജവംശത്തെയും അധിക്ഷേപിച്ചു. പ്രസംഗിച്ച ഉടനെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു.
സമൂഹത്തില്‍ നിന്ന് ഗുരുദേവന്‍ എടുത്തുമാറ്റിയ അനാചാരങ്ങള്‍ പലതും തിരിച്ചുവരികയാണെന്നും അറിഞ്ഞോ അറിയാതെയോ ശ്രീനാരായണീയര്‍ പോലും അതിന്റെ ഭാഗമാകുന്നുവെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
മനുഷ്യനെ ബലിനല്കല്‍, ജ്യോതിഷം, മുഹൂര്‍ത്തം നോക്കല്‍ തുടങ്ങിയവ വര്‍ധിക്കുകയാണ്. ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പോലും ഷര്‍ട്ടൂരി പ്രവേശിക്കണമെന്ന സമ്പ്രദായം നിലനില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.
ഗുരു ആരാധനാ മൂര്‍ത്തി: വെള്ളാപ്പള്ളി നടേശന്‍
സനാതന ധര്‍മത്തിലെ ഏതൊരു മൂര്‍ത്തിയെയും പോലെ ശ്രീനാരായണഗുരുവും ആരാധനാമൂര്‍ത്തിയാണെന്ന് മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളി നടേശന്റെ കാച്ചിക്കുറുക്കിയ മറുപടി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. ഉള്ളിലും പുറത്തും നിറഞ്ഞുനില്‍ക്കുന്ന ദൈവികശക്തിയാണ് ശ്രീനാരായണഗുരു. സനാതന ധര്‍മത്തിലധിഷ്ഠിതമായാണ് ഗുരുവിനെ ആരാധിക്കുന്നത്. ഗുരുവിന്റെ പാരമ്പര്യവും അതിനനുസരിച്ചുള്ളതാണ്, വെള്ളാപ്പള്ളി വ്യക്തമാക്കി.
ഇത് ഗുരുനിന്ദ: പി.കെ. കൃഷ്ണദാസ്
ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗുരുവിനെ സനാതന ധര്‍മ വിരോധിയാക്കി അവതരിപ്പിക്കുന്നത് ഗുരുനിന്ദയാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ഉയിര്‍കൊണ്ടതാണ് ഗുരുദേവ ദര്‍ശനം. അതുതന്നെയാണ് സനാതന ധര്‍മം. മുഖ്യമന്ത്രി സനാതന ധര്‍മത്തെ അവഹേളിക്കുകയാണ്. ശ്രീനാരായണഗുരു സനാതന വിശ്വാസിയല്ലെന്നു പറയുന്നത് ഗുരുപാരമ്പര്യത്തെ വക്രീകരിക്കലാണ്. ഭൗതികതയുടെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ശ്രീനാരായണ ഗുരുവിനെ ഭാഗികമായേ മനസിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
പല മതസാരവുമേകമെന്ന് ഗുരു പറഞ്ഞത് ഏകം സദ് വിപ്രാഃ ബഹുധാ വദന്തി എന്ന വൈദിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഗുരു എഴുതിയതെല്ലാം വൈദിക ചിന്തയായിരുന്നു. ഗുരുദര്‍ശനത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.