തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്‌ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി 1 നോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 25 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.