തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ.
ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. അതേ സമയം പ്രശാന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറിയും രംഗത്തെത്തി. കുറ്റാരോപണ മെമോക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാം. രണ്ട് കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.
നവംബർ 11നാണ് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സോഷ്യൽ മീഡിയയിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്‌പെൻഷൻ വിളിച്ചുവരുത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ തനിക്ക് കാണണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യമെങ്കില്‍ കാണാമെന്ന് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ പറഞ്ഞിരുന്നു. തനിക്ക് ഇത് കാണണമെന്ന് തന്നെ പ്രശാന്ത് ഉറപ്പിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തെളിവുകള്‍ കാണാമെന്നും ആദ്യം മെമ്മോയ്‌ക്ക് മറുപടി നല്‍കണമെന്നുമാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.